വേനൽ ചൂടിന് ആശ്വാസം! സംസ്ഥാന സഹകരണ വകുപ്പിന്റെ തണ്ണീർപന്തൽ പാമ്പാടിയിൽ ആരംഭിച്ചു.


പാമ്പാടി: വേനൽ ചൂടിന് ആശ്വാസം പകർന്ന് സംസ്ഥാന സഹകരണ വകുപ്പിന്റെ തണ്ണീർപന്തൽ കോട്ടയം പാമ്പാടിയിൽ ആരംഭിച്ചു. അന്തരീക്ഷ താപസൂചിക അപകടരമാം വിധത്തിൽ ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമെടുത്തിരുന്നു.

 

 സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും തണ്ണീർ പന്തലുകൾ സജ്ജീകരിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കുവാൻ സംസ്ഥാനത്തെ സഹകരണസംഘം പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗത്തിൽ മന്ത്രി വി എൻ വാസവൻ നിർദ്ദേശം നൽകിയിരുന്നു.

 

പാമ്പാടി സർവീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ നടത്തുന്ന പന്തലിൽ മോരും വെള്ളം, ഗ്ലൂക്കോസ് വെള്ളം, ഒ.ആർ.എസ്, തണുത്ത പച്ചവെള്ളം തുടങ്ങിയവ ലഭിക്കും. പാമ്പാടി ബ്രാഞ്ചിന് മുന്നിലാണ് തണ്ണീർ പന്തൽ പ്രവർത്തിക്കുന്നത്. പകൽ 12 മുതൽ 3 വരെ പഞ്ചായത്ത് ബസ്റ്റാൻഡിനുള്ളിൽ തണ്ണീർപ്പന്തൽ പ്രവർത്തിക്കും. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്നാണ് വെള്ള വിതരണം നടത്തുന്നത്.