ഡൽഹി: നിലപാട് പറയുന്ന പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. തലശേരി ബിഷപ്പായാലും പാലാ ബിഷപ്പായാലും അഭിപ്രായം പറയാൻ ആകാത്ത അവസ്ഥയാണ് സംസ്ഥാനുള്ളത്. സത്യം പറയുമ്പോൾ ക്രൈസ്തവ പുരോഹിതർക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണ-പ്രതിപക്ഷ സമീപനം അംഗീകരിക്കില്ലെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പറഞ്ഞു.
ബിജെപി ആസ്ഥാനത്ത് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും ദേശീയ വക്താവ് ടോംവടക്കനും ഒപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു വി.മുരളീധരൻ. മലയോര കർഷകരുടെ താത്പര്യം സംരക്ഷിക്കുന്നതാണ് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് നടത്തിയ പ്രസ്താവന. റബ്ബറിന്‍റെ താങ്ങുവിലയടക്കം കർഷകർ ഉയർത്തിയ വിഷയങ്ങൾ പരിഗണിച്ചുവരുകയാണ്. സഹായിക്കുന്നവരോട് സ്വഭാവികമായും സഭക്ക് അനുകൂല നിലപാടുണ്ടാകും. ആ ഘട്ടത്തിൽ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ ഇരട്ടത്താപ്പും അവസരവാദവും തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്നും വി.മുരളീധരൻ പറഞ്ഞു.
ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തിതീർക്കാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. അതിന് വേണ്ടി സത്യം പറയുന്ന പുരോഹിതരെ സംഘടിതമായി ആക്രമിക്കുന്നു. സംസ്ഥാനത്തെ മത തീവ്രവാദ സംഘത്തെക്കുറിച്ച് പറഞ്ഞപ്പോൾ പാലാ ബിഷപ്പിനെതിരെ കേസെടുത്തു. പൌവ്വത്തിൽ പിതാവിനെതിരെ മുൻപ് സ്വാശ്രയവിഷയത്തിൽ വാളെടുത്തതും നമ്മൾ കണ്ടതാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലെല്ലാം ജനം ബിജെപിയെ ആണ് അധികാരത്തിലേറ്റിയത്. ഒറ്റപ്പെട്ട സാമൂഹിക വിരുദ്ധരുടെ ആക്രമണം നരേന്ദ്രമോദിയുടെ തലയിൽ കെട്ടിവച്ച് രാഷ്ട്രീയ മുതലടുപ്പ് നടത്താനുള്ള നീക്കം വിലപ്പോകില്ലെന്നും വി.മുരളീധരൻ പറഞ്ഞു.