മണിമല വാഹനാപകടം: ജോസ് കെ മാണിയുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി, അറസ്റ്റ് പ്രതിഷേധങ്ങളെ തുടർന്ന്, എഫ് ഐ ആർ തിരുത്തി.


മണിമല: മണിമലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു സഹോദരങ്ങളായ രണ്ട് യുവാക്കൾ മരിച്ച അപകടത്തിൽ അപകടകരമായ വിധത്തിൽ കാർ ഓടിച്ച ജോസ് കെ മാണി എം പിയുടെ മകൻ കെ എം മാണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ.എം മാണി ജൂനിയറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ ജിസ്സ് ജോണ്‍, സഹോദരൻ ജിന്‍സ് ജോണ്‍ എന്നിവരാണ് ശനിയാഴ്ച വൈകിട്ട് ഉണ്ടായ അപകടത്തിൽ മരിച്ചത്. ആദ്യം 45 വയസ്സ് പ്രായമുള്ള ഒരാൾ ഓടിച്ച കാർ ആണ് അപകടത്തിനു ഇടയാക്കിയത് എന്നാണ് പോലീസ് എഫ് ഐ ആർ തയാറാക്കിയത്. എന്നാൽ ദൃക്സാക്ഷികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് കാർ ഓടിച്ചിരുന്ന ജോസ് കെ മാണിയുടെ മകന്റെ പേര് ചേർക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

പ്രതിഷേധം കടുത്തതോടെയാണ് പോലീസ് നടപടി സ്വീകരിക്കാൻ തയാറായത്. ഇന്നോവ കാറിന്റെ ഉടമസ്ഥൻ ജോസ് കെ. മാണിയുടെ സഹോദരീഭർത്താവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് ജോസ് കെ മാണിയുടെ മകൻ കെ.എം മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്.