ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്, ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെ: മുഖ്യമന്ത്രി.


തിരുവനന്തപുരം: ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

സമ്പന്നമായ നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷു. ഐശ്വര്യപൂർണ്ണമായ നല്ലൊരു നാളയെ വരവേൽക്കുന്നതിനുള്ള വിഷു ആഘോഷങ്ങളിൽ മലയാളികൾ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരാഘോഷവും. വർഗ്ഗീയതയും വിഭാഗീയതയും പറഞ്ഞു നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്. 

ഉന്നതമായ മനുഷ്യസ്നേഹത്തിലൂന്നിയ ഐക്യം കൊണ്ട് ഈ ശക്തികൾക്ക് മറുപടി നൽകാൻ നമുക്ക് സാധിക്കണം. സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേൽക്കാൻ നമുക്കൊരുമിച്ചു നിൽക്കാം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.