കോട്ടയം: സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. കോട്ടയം,എറണാകുളം,തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് രോഗബാധിതരുടെ എണ്ണം ആശങ്കാവഹമായി ഉയരുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് പുതുതായി 1801 പേർക്കാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ഒമൈക്രോൺ വകഭേദമാണ് ഇപ്പോൾ പടർന്നു പിടിക്കുന്നത്. കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പരിശോധന വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടി വരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
കോട്ടയം ജില്ലയിൽ വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണം എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ പറഞ്ഞു. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന കണ്ടെത്തിയ സാഹചര്യത്തിൽ ഇടപെടലുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.
കൈ കഴുകൽ, അകലം പാലിക്കൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങളിലും ശ്രദ്ധവേണം. മൂന്നു ദിവസമായി കുറയാതിരിക്കുന്ന പനി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശ്വാസോച്ഛ്വാസ നിരക്ക് മിനിറ്റിൽ 24ൽ കൂടുതൽ, രക്തത്തിൽ ഓക്‌സിജന്റെ അളവ് 94 ശതമാനത്തിൽ കുറവ്, കടുത്ത ക്ഷീണം, പേശീവേദന, നെഞ്ചിൽ നീണ്ടുനിൽക്കുന്ന വേദന അഥവാ മർദ്ദം, ചുണ്ടിലോ മുഖത്തോ നീല നിറം എന്നിവ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം.