കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. മെഡിക്കൽ കോളേജിൽ മാത്രം നിലവിൽ 17 പേരാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ വ്യാപകമായി പനിയും പടർന്നു പിടിക്കുന്നതിനാൽ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരിൽ 5 പേര് വെന്റിലേറ്ററിലാണ്. ഇതിനിടെ ഡോക്ടർമാർ ഉൾപ്പടെ ആഹുപത്രി ജീവനക്കാർക്കും കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. പനി ബാധിച്ചവരിൽ കോവിഡ് പരിശോധന നടത്തിയവരിൽ വീടുകളിൽ തന്നെ കഴിയുന്നവരുമുണ്ട്. നിലവിൽ വ്യാപകമായ കോവിഡ് പരിശോധന ഇപ്പോൾ നടത്തുന്നില്ല. പനി ബാധിച്ചു വരുന്നവരിൽ കോവിഡ് രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നവർക്ക് മാത്രമാണ് ഇപ്പോൾ പരിശോധന നടത്തുന്നത്.
കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിന്റെ നാലാം നിലയിൽ കോവിഡ് രോഗബാധിതർക്കായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഐസൊലേഷൻ കിടക്കകളും ഓക്സിജൻ കിടക്കകളും രോഗബാധിതർക്കായി മാറ്റി വെച്ചിട്ടുണ്ട്. ഒമൈക്രോൺ വകഭേദമാണ് ഇപ്പോൾ പടർന്നു പിടിക്കുന്നത്. കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പരിശോധന വർധിപ്പിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിൽ വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണം എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ പറഞ്ഞു. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന കണ്ടെത്തിയ സാഹചര്യത്തിൽ ഇടപെടലുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.
കൈ കഴുകൽ, അകലം പാലിക്കൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങളിലും ശ്രദ്ധവേണം. മൂന്നു ദിവസമായി കുറയാതിരിക്കുന്ന പനി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശ്വാസോച്ഛ്വാസ നിരക്ക് മിനിറ്റിൽ 24ൽ കൂടുതൽ, രക്തത്തിൽ ഓക്‌സിജന്റെ അളവ് 94 ശതമാനത്തിൽ കുറവ്, കടുത്ത ക്ഷീണം, പേശീവേദന, നെഞ്ചിൽ നീണ്ടുനിൽക്കുന്ന വേദന അഥവാ മർദ്ദം, ചുണ്ടിലോ മുഖത്തോ നീല നിറം എന്നിവ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം.