വൈദ്യുതിമേഖലയിലെ സ്വകാര്യവത്കരണം വിതരണരംഗത്തെ സുതാര്യത ഇല്ലാതാക്കും: മന്ത്രി വി.എൻ. വാസവൻ.


കോട്ടയം: വൈദ്യുതിമേഖലയിൽ പുതുതായി വരുന്ന നയങ്ങളും നിയമങ്ങളും ജീവനക്കാരുടെ മാത്രമല്ല സമൂഹത്തിന്റെയാകെ പ്രശ്‌നമാണെന്നു മനസിലാക്കി ജനങ്ങൾ മുന്നോട്ടുവരേണ്ട സമയമായി എന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. ഗാന്ധിനഗർ 110 കെ.വി സബ് സ്‌റ്റേഷന്റെ നിർമ്മാണോദ്ഘാടനം കോട്ടയം മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വൈദ്യുതി വിതരണരംഗത്തു സ്വകാര്യമേഖല കടന്നുവരുന്നതോടെ ഈ രംഗത്തു ലഭ്യമായിക്കൊണ്ടിരിക്കുന്ന സേവനങ്ങളും സുതാര്യതയുമെല്ലാം ഉപഭോക്താക്കൾക്കു നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാക്കാം എന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഗാന്ധിനഗറിലെ 66 കെ.വി. സ്ബ്‌സ്‌റ്റേഷൻ 110 കെ.വി. സബ്‌സറ്റേഷനായി ഉയർത്തപ്പെടുന്നതോടെ പ്രദേശത്തെ വൈദ്യൂതി, വോൾട്ടേജ് പ്രശ്‌നങ്ങളും പ്രസരണരംഗത്തെ നഷ്ടവും കുറയ്ക്കാനും ഉപഭോക്താക്കൾക്കു മെച്ചപ്പെട്ട സേവനം നൽകാനുമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വൈദ്യൂതി ഉൽപാദന രംഗത്ത് സംസ്ഥാനം ഏറെ മുന്നേറാനുണ്ടെന്നും മന്ത്രി പറഞ്ഞു. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, കോട്ടയം നഗരസഭാംഗം സാബു മാത്യു, കെ.എസ്.ഇ.ബി. ചീഫ് എൻജിനീയർ സജി പൗലോസ്, എക്‌സിക്യൂട്ടീവ് എൻജിനീയർ മോഹൻ ജോർജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധി എം.ടി കുര്യൻ എന്നിവർ പ്രസംഗിച്ചു. പൂവൻതുരുത്ത് ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എൽ. മനോജ് ഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. 

പദ്ധതി നടപ്പാക്കുന്നതോടെ കോട്ടയം മെഡിക്കൽ കോളജ്, ഐ.സി.എച്ച്, ദന്തൽ കോളജ്, മഹാത്മാഗാന്ധി സർവകലാശാല, അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങിയവയിലും ഏറ്റുമാനൂർ, കോട്ടയം നഗരസഭാ പരിധിയിലെ വിവിധ സ്ഥലങ്ങൾ, ആർപ്പൂക്കര, അതിരമ്പുഴ, ഐമനം ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലും വൈദ്യുതി ആവശ്യകത ഉറപ്പാക്കാനും പ്രസരണ നഷ്ടം പരമാവധി കുറയ്ക്കുന്നതിനും സാധിക്കും. 66 കെ.വി ഗാന്ധിനഗർ സബ്സ്റ്റേഷൻ 110 കെ.വി സബ്സ്റ്റേഷനായി ഉയർത്തുന്നതിന് 14.95 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഗാന്ധിനഗർ സബസ്‌റ്റേഷന്റെ അധീനതയിലുള്ള ഭൂമിയിലാണ് നിർമാണം. ഇവിടെ 20എം.വി.എ. ശേഷിയുള്ള രണ്ട് ട്രാൻസ്‌ഫോർമറുകളും രണ്ട് 110 ഫീഡർ ബേകളും, കൺട്രോൾ റൂമും നിർമിക്കാനാണു ഭരണാനുമതി ലഭ്യമായിട്ടുള്ളത്. 

നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു ഘട്ടങ്ങളായാണു പൂർത്തീകരിക്കുന്നത്. ആദ്യഘട്ടത്തിൽ നിലവിലുള്ള 66 കെ. വി സബ്‌സ്റ്റേഷന്റെ സുഗമമായ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ, സബ്‌സ്റ്റേഷൻ കോമ്പൗണ്ടിന്റെ വടക്കുപടിഞ്ഞാറ് ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് പുതിയ 110 കെ.വി. ഫീഡറും, 20 എം.വി.എ. ട്രാൻസ്‌ഫോർമറും, 11 കെ.വി. ചാനലുകളും, കൺട്രോൾ റൂമും സ്ഥാപിക്കും. രണ്ടാം ഘട്ടമായി രണ്ടാമത്തെ 110 കെ.വി. ഫീഡറും, 20 എം.വി.എ. ട്രാൻസ്‌ഫോർമറും സ്ഥാപിക്കും.