തൊഴിലാളി ക്ഷേമത്തിനായി കോട്ടയം ജില്ലയിൽ നടപ്പാക്കിയത് 60.56 ലക്ഷം രൂപയുടെ പദ്ധതികൾ.


കോട്ടയം: സംസ്ഥാന സർക്കാർ അധികാരമേറ്റ് രണ്ടു വർഷം പൂർത്തിയാകുമ്പോൾ തൊഴിലാളി ക്ഷേമത്തിനായി ജില്ലയിലെ തൊഴിൽവകുപ്പ് നടപ്പാക്കിയത് 60,56,012  രൂപയുടെ പദ്ധതികൾ. 2021 മേയ് മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലെ കണക്കാണിത്. കേരള മരം കയറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിലൂടെ രണ്ടുവർഷംകൊണ്ടു 15.50 ലക്ഷം രൂപ നൽകി. 

ജോലിക്കിടയിൽ അപകടം സംഭവിച്ച് പരുക്കേറ്റു വീണ്ടും തൊഴിൽ ചെയ്ത് ഉപജീവനം നടത്താൻ പറ്റാത്ത തൊഴിലാളികൾക്ക് 50,000 രൂപയും മരണമടഞ്ഞ തൊഴിലാളികളുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും നൽകുന്ന മരം കയറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ 2021-22 വർഷത്തിൽ 6,75,000 രൂപയും ഈ സാമ്പത്തിക വർഷം 8,75,000 രൂപയുമാണ് നൽകിയത്. കേരളാ മരം കയറ്റത്തൊഴിലാളി ക്ഷേമപദ്ധതി ആനുകൂല്യമായി 1600 രൂപാ വീതം പ്രതിമാസം പെൻഷൻ നൽകുന്നുണ്ട്. ഈ പദ്ധതിയിൽ 16.99 ലക്ഷം രൂപയാണ് രണ്ട് വർഷം കൊണ്ട് നൽകിയിട്ടുള്ളത്. 

അതിഥിത്തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ സെമിനാറും നടത്തുന്നതിനായി 2021-22 വർഷത്തിൽ 3,00,000 രൂപയും 2022-23 വർഷത്തിൽ 2,20,692 രൂപയുമടക്കം 5.20 ലക്ഷം രൂപ ചെലവഴിച്ചു. അതിഥി തൊഴിലാളികളുടെ ചികിത്സയ്ക്കും മരണാനന്തര ധനസഹായത്തിനുമായി   സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുള്ള ആവാസ് ഇൻഷുറൻസ് പദ്ധതിയിലൂടെ 8,08,120 രൂപ വിതരണം ചെയ്തു. പൂട്ടികിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കാല എക്സ്ഗ്രേഷ്യാ ആയി 14.78 ലക്ഷം  രൂപ വിതരണം ചെയ്തു. 

സേവനങ്ങൾ  ലേബർ കമ്മിഷണർ ഓട്ടോമേഷൻ സിസ്റ്റം വഴി ഓൺലൈനായാണ് ഇപ്പോൾ നൽകുന്നത്. വേതന സുരക്ഷാ പദ്ധതിയിലൂടെ മിനിമം വേതനം ഉറപ്പാക്കാനായി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വകുപ്പിന്റെ വെബ്സൈറ്റിലൂടെ വിതരണം ചെയ്യുന്നുണ്ട്. ലേബർ രജിസ്ട്രേഷൻ തിരിച്ചറിയൽ കാർഡ് തൊഴിൽ വകുപ്പ് വഴി വിതരണം ചെയ്യുന്നുണ്ട്. 

ബാല വേല വിമുക്ത ജില്ല പദ്ധതിയിലൂടെ അനധികൃതമായി തൊഴിലിടങ്ങളിൽ കുട്ടികളെ തൊഴിലിനായി ഉപയോഗിക്കുന്നില്ലെന്ന ഉറപ്പാക്കുന്നതിനായി സ്‌ക്വാഡിന്റെ പ്രവർത്തനവും സജീവമാണ്.