കോട്ടയം: ഈ സാമ്പത്തികവർഷത്തിൽ ഭൂജല വകുപ്പിന് കീഴിൽ കോട്ടയം ജില്ലയിൽ നടപ്പാക്കിയത് 43.82 ലക്ഷം രൂപയുടെ പദ്ധതികൾ. മുണ്ടക്കയം, പാറത്തോട്, രാമപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 31-ാം മൈലിൽ മുണ്ടമറ്റം കുടിവെള്ള പദ്ധതിക്കായി 12,40,000 രൂപയാണ് വകുപ്പ് ചെലവിട്ടത്. പ്രദേശത്തെ 29 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഫെബ്രുവരിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. രാമപുരം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന കൊണ്ടാട് മിനി ജല വിതരണ പദ്ധതിയുടെ നവീകരണത്തിനും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുമായി 16 ലക്ഷം രൂപ ചെലവിട്ടിട്ടുണ്ട്.
പഞ്ചായത്തിലെ 350 കുടുംബങ്ങൾ ഗുണഭോക്താക്കളായിട്ടുള്ള പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. പാറത്തോട് ഗ്രാമ പഞ്ചായത്തിലെ മഹാത്മ നഗർ മിനി ജലവിതരണ പദ്ധതിയുടെ വിപുലീകരണത്തിനായി 15.42 ലക്ഷം രൂപയാണ് ചെലവിടുന്നത്. 100 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.