ഏഴ് പേർക്ക് പുതുജീവിതം നൽകി കൈലാസ് നാഥ് യാത്രയായി, ഇരുചക്ര വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശിയായ യുവാവിന്റെ അവയവങ്

കോട്ടയം: ഏഴ് പേർക്ക് പുതുജീവിതം നൽകി കൈലാസ് നാഥ് യാത്രയായി. ഇരുചക്ര വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം താഴത്തങ്ങാടി സ്വദേശിയായ കൈലാസ് നാഥ് (23)ന്റെ അവയവങ്ങളാണ് വിഷമഘട്ടത്തിലും മൃതസഞ്ജീവനി വഴി കുടുംബാംഗങ്ങൾ ദാനം ചെയ്തത്. 

കോട്ടയം താഴത്തങ്ങാടി പ്ലാന്തറയിൽ മനോജിന്റെയും പ്രസന്നയുടെയും മകനാണ് കൈലാസ് നാഥ്‌. ഹൃദയം, കരൾ, വൃക്കകൾ, കണ്ണുകൾ, പാൻക്രിയാസ് എന്നീ അവയവങ്ങളാണ് ദാനം നൽകിയത്. കണ്ണുകൾ,കരൾ,ഒരു വൃക്ക എന്നിവ മൃതസഞ്ജീവനി പദ്ധതിയിലൂടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും ഒരു വൃക്ക എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കുമാണ് നൽകുന്നത്. ശനിയാഴ്ച രാത്രിയാണ് കൈലാസ് നാഥും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞത്. പുത്തനങ്ങാടി ഭാഗത്തു വെച്ചാണ് അപകടം ഉണ്ടായത്. 



തിരുനക്കര ക്ഷേത്രത്തിന് സമീപമുള്ള എബിൻ മെഡിക്കൽസിലെ ജീവനക്കാരനായിരുന്നു കൈലാസ് നാഥ്‌. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തുമായി സഞ്ചരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൈലാസ് നാഥിനെയും സുഹൃത്തിനെയും ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച കൈലാസ് നാഥിന്റെ അവയവങ്ങൾ വിഷമഘട്ടത്തിലും മൃതസഞ്ജീവനി വഴി കുടുംബാംഗങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. 

മസ്തിഷ്‌ക മരണമടഞ്ഞ വ്യക്തിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. പൂജയാണ് സഹോദരി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ നടത്തി.