കോട്ടയം: കോട്ടയം വിജയപുരം പഞ്ചായത്തിൽ ലൈഫ് പദ്ധതിയിലൂടെ നിർമ്മിച്ച ഭവനസമുച്ചയങ്ങളുടെ താക്കോൽ കൈമാറി. പദ്ധതിയിലെ ഗുണഭോക്താവായ തോട്ടുങ്കൽ എം.ആർ. രൂപേഷിനും കുടുംബത്തിനും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഫ്ലാറ്റിൻ്റെ താക്കോൽ കൈമാറി. വീടും ഭൂമിയുമില്ലാത്ത ബുദ്ധിമുട്ടുന്ന 42 കുടുംബങ്ങളാണ് ലൈഫ് പദ്ധതിയിലൂടെ ഫ്ലാറ്റുകളിലേക്ക് മാറുന്നത്.
സാധാരണ ജനങ്ങളോടുള്ള സർക്കാരിന്റെ കരുതലാണ് ഇതിൽ നിന്നും വ്യക്തമാവുന്നത് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ ഈ സാമ്പത്തിക വർഷം 71,861 വീടുകൾ കൂടി നിർമിക്കുമെന്നു മുഖ്യമന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 30 ഭവനസമുച്ചയങ്ങളും നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. അതിദരിദ്രരെന്നു കണ്ടെത്തിയ 64000 പേരെ കൂടി കെടുതികളിൽ നിന്നു മോചിപ്പിക്കാനുള്ള ശ്രമം സർക്കാർ നടത്തും. അത്തരത്തിലുള്ള പുരോഗതികളിലൂടെയാണ് നവകേരളം സൃഷ്ടിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ തോമസ് ചാഴികാടൻ എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു. കോട്ടയം വിജയപുരത്ത് മീനടത്ത് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ 44 ഫ്‌ളാറ്റുകളില്‍ ഒരെണ്ണം അങ്കണവാടിയും, മറ്റൊന്ന് വയോജന കേന്ദ്രവുമാണ്. വിജയപുരം പഞ്ചായത്ത് എല്‍ഡിഎഫ് ഭരിച്ചിരുന്ന കാലത്താണ് ഫ്‌ളാറ്റ് നിര്‍മ്മിക്കാനുള്ള പൊന്‍പള്ളി ചെമ്പോലയിലെ ഭൂമി കണ്ടെത്തി സര്‍ക്കാരിന് കൈമാറിയത്. 2 വര്‍ഷം കൊണ്ട് കോട്ടയം ജില്ലയില്‍ മാത്രം 3228 വീടുകളാണ് ലൈഫ് മിഷന്‍ നിര്‍മ്മിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.
പദ്ധതി ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെ 12,638 വീടുകള്‍ പൂര്‍ത്തിയാക്കി.1300ലധികം വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇത്തവണ 4867 വീടുകല്‍കൂടി നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 2500 ഗുണഭോക്താക്കളുമായി കരാര്‍ ഒപ്പിട്ടു. കൂടാതെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രക്രിയയുടെ ഭാഗമായി കണ്ടെത്തിയ ഭൂരഹിത-ഭവനരഹിതരായ 40 പേര്‍ക്ക് വീടുവയ്ക്കാനുള്ള കരാറും ഒപ്പിട്ടുകഴിഞ്ഞു.