കോട്ടയം: ''എന്റെ അർബുദ ചികിത്സയ്ക്കായാണ് ഞങ്ങൾക്ക് കിടപ്പാടം വിൽക്കേണ്ടിവന്നത്. സർക്കാർ അതു തിരികെ തന്നിരിക്കുന്നു. വലിയ സന്തോഷവും ആശ്വാസവുമുണ്ട്''തൈപ്പറമ്പിൽ ഓമന ബിജു ലൈഫ് പദ്ധതിയിലൂടെ ഫ്ളാറ്റ് ലഭിച്ച സന്തോഷം പങ്കുവച്ചു.
ഭർത്താവ് ബിജുവിനും മക്കൾക്കുമൊപ്പമാണ് വിജയപുരത്തെ ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഓമന പങ്കെടുത്തത്. വിജയപുരം പൊൻപള്ളിയിലെ വീടുംസ്ഥലവും ഓമനയുടെ അർബുദ ചികിത്സയ്ക്കായാണ് വിൽക്കേണ്ടിവന്നതെന്ന് ബിജു പറഞ്ഞു. ഓമന നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
വീണ്ടുമൊരു വീടെന്നത് സ്വപ്നമായിരുന്നുവെന്നും മുറികളും അടുക്കളയും ശുചിമുറിയുമൊക്കെ നന്നായിരിക്കുന്നുവെന്നും ഫ്ളാറ്റ് ലഭിച്ചത് വളരെയേറെ സന്തോഷം നൽകുന്നതായും ബിജു പറഞ്ഞു.