മുണ്ടക്കയം: ബ്രെയിൻ ട്യൂമർ ബാധിച്ചു ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശിനി ജനിൻ മരിയ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. മുണ്ടക്കയം വണ്ടൻപതാൽ തറയിൽ ബിജു വർഗ്ഗീസിന്റെയും ലിനിമോൾ ബിജുവിന്റെയും മകൾ ജനിൻ മരിയ (18) യാണ് മരണത്തിനു കീഴടങ്ങിയത്.
നാടിന്റെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും അധ്യാപകരുടെയും പ്രാർത്ഥനകൾ വിഫലമാക്കിയാണ് ജനിൻ മരിയ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. 11 വയസ്സുകാരിയായ ആറാം ക്ലാസ്സിലെ മിടുമിടുക്കിയായിരുന്നു ആദ്യമായി രോഗാവസ്ഥയിലാകുമ്പോൾ ജനിൻ. അധ്യാപകരുടെയും കൂട്ടുകാരുടെയും പ്രിയങ്കരിയായ ജനിനു രക്താർബുദമാണെന്നു അറിഞ്ഞ ഏവരും സങ്കടപ്പെട്ടു. എന്നാൽ ചികിത്സകൾക്കൊടുവിൽ വീണ്ടും ജനിൻന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.
രോഗാവസ്ഥയിൽ നിന്നും മോചിതയായ ജനിൻ വീണ്ടും മിടുക്കിയായി പഠനം ആരംഭിച്ചിരുന്നു. എന്നാൽ ഈ സന്തോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി പ്ലസ് ടു പഠന കാലത്ത് വീണ്ടും ജനിനെ രോഗാവസ്ഥ പിടിമുറുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. കലശലായ തലവേദനയിൽ ജനിൻന്റെ കളിചിരികൾ മാഞ്ഞു. ആർ സി സി യിലും ശ്രീ ചിത്തിരയിലുമായി ചികിത്സകൾ നടത്തി. മകളുടെ ചികിത്സയ്ക്കായി ഏക വരുമാന മാർഗ്ഗമായിരുന്ന പശുക്കളെ വിൽക്കുകയും വീട് വിൽക്കുകയും ചെയ്തു.
രോഗം ഭേതമായതോടെ സുമനസ്സുകളുടെ സഹായത്താൽ വീണ്ടും ഇവർ പശുക്കളെ വാങ്ങി ഉപജീവന മാർഗ്ഗം കണ്ടെത്തുന്നതിനിടെയാണ് ബ്രെയിൻ ട്യൂമറിന്റെ രൂപത്തിൽ വീണ്ടും ജനിനെ വിധി പരീക്ഷിച്ചത്. ചികിത്സയ്ക്കായി ഒരുപാട് പണമായതോടെ ആവശ്യമായ പണം കണ്ടെത്തുന്നതിനായി ബന്ധുക്കളും സിഹൃത്തുക്കളും സമൂഹമാധ്യമങ്ങൾ വഴി സുമനസ്സുകളുടെ സഹായം തേടിയിരുന്നു. ഏപ്രിൽ 17നാണ് ജനിൻന്റെ ആരോഗ്യാവസ്ഥ വഷളായത്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് പൈങ്ങനാപ്പള്ളിയിൽ നടക്കും.