പന്ത്രണ്ടിലധികം അപകട വളവുകൾ, അപകടങ്ങളൊഴിയാതെ പുനലൂർ-മൂവാറ്റുപുഴ പാതയിൽ പ്ലാച്ചേരി-മണിമല മേഖല, ഇതിനോടകം പൊലിഞ്ഞത് ഏഴിലധികം ജീവനുകൾ.


മണിമല: അപകടങ്ങളൊഴിയാതെ ഒരു ദിനം പോലുമില്ല പുനലൂർ-മൂവാറ്റുപുഴ പാതയിൽ പ്ലാച്ചേരി-മണിമല മേഖലയിൽ. പാതയുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ അപകടപ്പെരുമഴ ആരംഭിച്ച പാതയാണ് ഇത്. ചെറുതും വലുതുമായ ഒരു അപകടം പോലും സംഭവിക്കാത്ത ദിവസമില്ല ഈ പാതയിൽ. ഞെട്ടലോടെയാണ് നാട് ഓരോ അപകട വാർത്തയും കേൾക്കുന്നത്. പുനലൂർ-മൂവാറ്റുപുഴ പാതയുടെ ഭാഗമായ പ്ലാച്ചേരി മുതൽ മണിമല വരെയുള്ള മേഖലയിൽ ഇതിനോടകമുണ്ടായ പല അപകടങ്ങളിലായി പൊലിഞ്ഞത് ഏഴിലധികം ജീവനുകളാണ്. 



കഴിഞ്ഞ ദിവസവും ഈ പാതയിൽ മണിമല-കരിക്കാട്ടൂർ പാതയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ സഹോദരങ്ങളായ രണ്ടു യുവാക്കളുടെ ജീവനാണ് നഷ്ടമായത്. മുൻപും ഈ മേഖലയിൽ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിത വേഗവും ചെറുറോഡിൽ നിന്നും പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് പ്രധാനമായും ഈ പാതകളിലെ വിവിധ ഭാഗങ്ങളിൽ അപകടങ്ങൾക്ക് കാരണമാകുന്നത്. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മണിമല പതാലിപ്ളാവ് കുന്നുംപുറത്ത്താഴെ ജിസ്,ജിൻസ് എന്നിവരാണ് ശനിയാഴ്ച വൈകിട്ട് മണിമലയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. മണിമലയിൽ നിന്നും കരിക്കാട്ടൂരിലെ വീട്ടിലേക്ക് പോകുകയായിരുന്ന ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ എതിരെ വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 



അപകടത്തിൽ നിയന്ത്രണം വിട്ടകാർ റോഡിൽ മൂന്ന് തവണ കറങ്ങി ഇടിച്ചാണ് നിന്നതെന്നും നാട്ടുകാർ പറയുന്നു. സഹോദരങ്ങളായ രണ്ട് യുവാക്കൾ മരിച്ച അപകടത്തിൽ അപകടകരമായ വിധത്തിൽ കാർ ഓടിച്ച ജോസ് കെ മാണി എം പിയുടെ മകൻ കെ എം മാണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. അപകടം പാതയിൽ പതിവായത്തോടെ ഹൈവേ പോലീസ് പെട്രോളിംഗ് ആരംഭിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. ഉന്നത നിലവാരത്തിൽ റോഡിന്റെ നിർമ്മാണം പൂർത്തിയായതോടെ അപകട പരമ്പര തന്നെയാണ് ഈ പാതയിൽ നടക്കുന്നത്. കാൽനട യാത്രയ്ക്കാരും വാഹനങ്ങളുടെ അമിത വേഗതയിൽ ഭീതിയോടെയാണ് നടക്കുന്നത്. കറിക്കാട്ടൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റിരുന്നു. 



പൊന്തന്‍പുഴ രാമനാനി തെങ്ങോലില്‍ പൊന്നമ്മ (60) ക്കാണ് അപകടത്തിൽ അന്ന് ഗുരുതരമായി പരിക്കേറ്റത്. പാതയിൽ മണിമലയിൽ നിർത്തിയിട്ട ടിപ്പറിന് പിന്നിൽ കാറിടിച്ച് 2 പേർ മരിച്ചിരുന്നു. മണിമല ബിഎസ്എൻഎൽ ഓഫീസിനു സമീപം ഉണ്ടായ അപകടത്തിൽ ചാമംപതാൽ ഇളങ്കോയി സ്വദേശിനി തടത്തിലാങ്കൽ രേഷ്മ ജോർജ്(30), ചാമംപതാൽ കിഴക്കേമുറിയിൽ ഷാരോൺ സജി(18) എന്നിവരാണ് മരിച്ചത്. പ്ലാച്ചേരി മുതൽ പൊൻകുന്നം വരെയുള്ള റോഡിന്റെ നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികളും ഒപ്പം പ്രതിഷേധ സംഘടനകളും രംഗത്തുണ്ട്. പൊന്തൻപുഴയ്ക്ക് സമീപമുണ്ടായ ഇരുചക്ര വാഹനാപകടത്തിലാണ് പാതയിലെ ആദ്യ മരണം ഉണ്ടായത്. 



ശ്രദ്ധ അല്പമൊന്നു പാളിയാൽ അപകടക്കെണിയാണ് പ്ലാച്ചേരി-പൊൻകുന്നം റോഡിൽ. 12 ലധികം അപകടവളവുകളാണ് പാതയിലുള്ളത്. കരിക്കാട്ടൂർ ആഞ്ഞിലിമൂട്ടിൽ ഓട്ടോയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 വയസ്സുകാരിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മുക്കട ചെന്നാമറ്റം കൃതിക അജേഷ് (3) ആണ് കഴിഞ്ഞ ജനുവരി 6 നു വൈകിട്ട് 7 മണിയോടെ മണിമല കരിക്കാട്ടൂർ ആഞ്ഞിലിമൂട്ടിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. 



മണിമല കരിക്കാട്ടൂർ കരിമ്പനക്കുളത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നേഴ്സിന് മരണം സംഭവിച്ചിരിന്നു. മണിമല കരിമ്പനക്കുളം സ്വദേശിനി ചിത്തിര (29) ആണ് അപകടത്തിൽ മരിച്ചത്. 



സ്ഥിരം അപകട പാതയായതോടെ ഭീതിയിലാണ് നാട്ടുകാരും വ്യാപാരികളും. ഇനിയുമൊരു ജീവൻ പൊലിയുന്നതിനു മുൻപ് പാതയിൽ സുരക്ഷാ ക്രമീകരണങ്ങളും പരിശോധനയും ശക്തമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.