219 കോടി രൂപ ചെലവിൽ പത്തുനില കെട്ടിടം! കോട്ടയം ജനറൽ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിർമാണം അഞ്ചുമാസത്തിനകം ആരംഭിക്കും: മന്ത്രി വീണാ ജോർജ്.


കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ബഹുമുഖ സൗകര്യങ്ങളോടു കൂടിയ പത്തുനില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അഞ്ചു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ-വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോട്ടയം ജനറൽ ആശുപത്രിയിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. 



219 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി വരികയാണ്. ആദ്യഘട്ടത്തിൽ 129 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ മസ്തിഷ്‌ക മരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്ത കൈലാസ് നാഥിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർ നൽകിയ സേവനങ്ങൾക്ക് നന്ദി അർപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 'അറിയാം ആരോഗ്യ സേവനങ്ങൾ' ബുക്ക് ലെറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷനായി. തോമസ് ചാഴികാടൻ എം.പി  മുഖ്യാതിഥിയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ വിഷയാവതരണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ്മോഹൻ പദ്ധതി വിശദീകരിച്ചു. 



ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കോട്ടയം നഗരസഭ അധ്യക്ഷബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത്വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പമണി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ ഗിരീഷ് കുമാർ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, നഗരസഭാംഗം സിൻസി പാറയിൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.വി. ജയകുമാരി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ ആർ.ബിന്ദു കുമാരി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ടി.കെ ബിൻസി, ആർദ്രം നോഡൽ ഓഫീസർ ഡോ ആർ. ഭാഗ്യശ്രീ, ആർ.എം.ഒ. ഡോ.ആർ. അരവിന്ദ്, സ്റ്റാഫ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് ഡോ.പി. വിനോദ്, ലേ സെക്രട്ടറി ആന്റ് ട്രഷറർ ബിനോയി ബി. കരുനാട്ട്, നഴ്സിംഗ് സൂപ്രണ്ട് സി.എസ്.ശ്രീദേവി, എച്ച്.എം.സി അംഗങ്ങളായ എം.കെ പ്രഭാകരൻ, ടി.സി. ബിനോയി, ബോബൻ തോപ്പിൽ, പി.കെ ആനന്ദക്കുട്ടൻ, രാജീവ് നെല്ലിക്കുന്നേൽ, എൻ.കെ. നന്ദകുമാർ, പോൾസൺ പീറ്റർ, ടി.പി അബ്ദുള്ള, ഷാജി കുറുമുട്ടം, അനിൽ അയർക്കുന്നം, ലൂയിസ് കുര്യൻ, ഹാജി മുഹമ്മദ് റഫീഖ്, സാൽവിൻ കൊടിയന്തറ, സ്റ്റീഫൻ ജേക്കബ്ബ് എന്നിവർ പങ്കെടുത്തു. 

അത്യാഹിത വിഭാഗത്തിന്റെയും കുട്ടികളുടെ ഐ.പി വിഭാഗത്തിന്റെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം മുഖേന എമർജൻസി കോവിഡ് റെസ്പോൺസ് പ്ലാൻ ഫേസ്-2 ൽ ഉൾപ്പെടുത്തി 1.04 കോടി രൂപ ചെലവഴിച്ച് നിർമിച്ച പീഡിയാട്രിക് ഐ.സി.യു- പീഡിയാട്രിക് വാർഡിന്റെയും ജില്ലാ പഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തിലെ ആർദ്രം ഫേസ് -2 ഒ.പി നവീകരണത്തിനായി അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ട്രോമ 1 കെയർ ഒബ്സർവേഷൻ റൂമിന്റെയും പ്രവർത്തനോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.