കോട്ടയം സബ് കളക്ടറായിരുന്ന സഫ്‌ന നസറുദീൻ തിരുവല്ല സബ് കളക്ടറായി ചുമതലയേറ്റു.


കോട്ടയം: കോട്ടയം സബ് കളക്ടറായിരുന്ന സഫ്‌ന നസറുദീൻ(26) തിരുവല്ല സബ് കളക്ടറായി ചുമതലയേറ്റു.2020 ബാച്ച് ഐ.എ.എസുകാരിയായ സഫ്ന നസറുദ്ദീൻ തിരുവനന്തപുരം പേയാട് സ്വദേശിയാണ്. സിവിൽ സർവ്വീസ് പരീക്ഷയിൽ ആദ്യത്തെ തവണ തന്നെ ഉയർന്ന റാങ്ക് നേടിയ മിടുക്കിയാണ് പ്ലാവില ഫർസാന മൻസിലിൽ ഹാജ നസറുദ്ദീൻ്റെയും എ.എൻ. റംലയുടെയും മകളായ സഫ്ന. 

സിവിൽ സർവ്വീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ നാൽപ്പത്തി അഞ്ചാം റാങ്കും കേരളത്തിൽ നിന്നും മൂന്നാം റാങ്കും കരസ്ഥമാക്കിയാണ് സഫ്ന മിന്നും നേട്ടം സ്വന്തമാക്കിയത്. പത്താം ക്ലാസ്സ് വരെ തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. സി ബി എസ സി പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്കോടെ പ്ലസ് ടു പഠനം പൂർത്തിയാക്കിയത് പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. തുടർന്ന് മാർ ഇവാനിയോസ് കോളേജിൽ നിന്നും ഇക്കണോമിക്‌സിൽ ഒന്നാം റാങ്കോടെയാണ് സഫ്ന ബിരുദം കരസ്ഥമാക്കിയത്. 

മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായായിരുന്നു ആദ്യ നിയമനം. സ്വന്തം നാടായ തിരുവനന്തപുരത്ത് തന്നെയായിരുന്നു സിവിൽ സർവ്വീസ് പരീക്ഷാ പഠനവും സഫ്ന നടത്തിയത്. ഫസ്‌ന നസറുദ്ധീൻ, ഫർസാന നസറുദ്ധീൻ എന്നിവരാണ് സഹോദരങ്ങൾ. ചുമതലയേറ്റ ശേഷം പത്തനംതിട്ട കളക്ടറേറ്റിലെത്തി സഫ്‌ന നസറുദീൻ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരെ സന്ദര്‍ശിച്ചു.