വൈക്കം: സംസ്ഥാനത്തു നടക്കുന്ന സമാനതകളില്ലാത്ത വികസന - ക്ഷേമ പ്രവർത്തനങ്ങളുടെ പ്രോഗസ് റിപ്പോർട്ട് എല്ലാ വീടുകളിലുമെത്തിക്കുമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും വൈക്കം താലൂക്ക്തല അദാലത്ത് വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിരവധി ജനകീയ പ്രശ്നങ്ങൾക്ക് താലൂക്ക് അദാലത്തുകളിലൂടെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞു. ജില്ലയിൽ വർഷങ്ങളായി പരിഹരിക്കാനാവാതെ കിടന്ന പല പരാതികൾക്കും കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ നടത്തിയ താലൂക്ക് അദാലത്തുകളിൽ പരിഹാരം കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. അദാലത്തുകളിൽ ലഭിച്ച പുതിയ പരാതികളിൽ ജില്ലാ തലത്തിൽ വീണ്ടും യോഗം വിളിച്ച് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സി.കെ ആശ എം.എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, വൈക്കം നഗരസഭ അധ്യക്ഷ രാധിക ശ്യാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. രഞ്ജിത്ത്, പി.വി സുനിൽ, വൈക്കം നഗരസഭാംഗം ബിന്ദു ഷാജി, പാലാ ആർ.ഡി.ഒ: പി.ജി. രാജേന്ദ്ര ബാബു എന്നിവർ പ്രസംഗിച്ചു.