കോട്ടയം: സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രാഡ്‌ലി സ്റ്റോക്ക് കോർപറേഷനിൽ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി 18 കാരി മലയാളി. കോട്ടയം എരുമേലി മഞ്ഞാങ്കൽ കല്ലമ്മാക്കൽ ലിനിയുടെയും ബ്രിട്ടണിലെ ബ്രിസ്റ്റോൾ മുൻ മേയറും റാന്നി ഈരൂരിക്കൽ ആദിത്യപുരം ടോം ആദിത്യയുടെയും മകളായ അലീന ടോം ആദിത്യ (18) യാണ് സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രാഡ്‌ലി സ്റ്റോക്ക് കോർപറേഷനിൽ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
മുതിർന്ന മുൻ മേയർമാരെ തന്റെ കന്നിയങ്കത്തിൽ പരാജയപ്പെടുത്തിയാണ് അഭിമാനകരമായ തിളക്കമാർന്ന നേട്ടം അലീന സ്വന്തമാക്കിയത്. പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ അലീന കാർഡിഫ് യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ച്ചറിൽ തുടർ പഠനത്തിനൊരുങ്ങുകയാണ്. കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച അലീന ബ്രാഡ്‌ലി വാർഡിൽ മത്സരിച്ച രണ്ടു മുൻ മേയർമാരെയാണ് പരാജയപ്പെടുത്തിയത്.
2002 മുതൽ ബ്രാഡ്‌ലിയിൽ കുടുംബസമേതം സ്ഥിരതാമസമാണ് ഇവർ. പാലാ നഗര പിതാവായിരുന്ന സ്വാന്തന്ത്ര സമര സേനാനി വെട്ടം മാണിയുടെ പൗത്രനാണ് ടോം ആദിത്യ. ഏകദേശം 7 ലക്ഷത്തിലധികം ആളുകളാണ് ബ്രിസ്റ്റോൾ നഗര പരിധിയിൽ താമസിക്കുന്നത്. അഭിഷേക്, ആൽബർട്ട്, അഡോണ, അൽഫോൺസ് എന്നിവരാണ് അലീനയുടെ സഹോദരങ്ങൾ.