ബസ്സ് കണ്ടക്ടറുടെ സത്യസന്ധതയിൽ എരുമേലിയിൽ യാത്രക്കാരന് തിരികെ ലഭിച്ചത് യാത്രയ്ക്കിടെ നഷ്ടപ്പെട്ട 23300 രൂപയും രേഖകളും.


എരുമേലി: ബസ്സ് കണ്ടക്ടറുടെ സത്യസന്ധതയിൽ എരുമേലിയിൽ യാത്രക്കാരന് തിരികെ ലഭിച്ചത് യാത്രയ്ക്കിടെ നഷ്ടപ്പെട്ട 23300 രൂപയും രേഖകളും. ചൊവ്വാഴ്ച രാവിലെ എരുമേലി സ്വകാര്യ ബസ്സ് സ്റ്റാൻഡിലാണ് സംഭവം. വെച്ചൂച്ചിറയിൽ നിന്നും പൊൻകുന്നത്തേക്കുള്ള സെന്റ്.ആന്റണീസ് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് പതിനാലാം മൈൽ നെടുമാവ് സ്വദേശി സജി ജോസഫിൻ്റെ 23300 രൂപയും മറ്റ് രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെടുന്നത്. 

ബസ്സ് യാത്രയ്ക്കിടെ മയങ്ങിയ സജിയുടെ പേഴ്‌സ് പോക്കറ്റിൽ നിന്നും ബസ്സിനുള്ളിൽ വീഴുകയായിരുന്നു. എരുമേലി കവലയിൽ ബസ്സ് ഇറങ്ങിയ ശേഷമാണ് സജി പേഴ്‌സ് നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. ഉടൻ തന്നെ സജി എരുമേലി സ്വകാര്യ ബസ്സ് സ്റ്റാന്റിലെത്തി താൻ കയറിയ ബസ്സ് തേടി. എന്നാൽ ബസ്സ് ഏതെന്നു പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബസ്സ് സ്റ്റാൻഡിൽ ഉള്ളവരോട് വിവരം പറയുകയും ടിക്കറ്റ് കാണിക്കുകയും ചെയ്തു. ഇതോടെ സജിയെ എരുമേലി സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ വ്യാപാര സ്ഥാപനം നടത്തുന്ന പൊതുപ്രവർത്തകനായ നിഷാദിന്റെ അരികിൽ എത്തിച്ചു. 

തുടർന്ന് ടിക്കറ്റ് നോക്കി ഇരുവരും നടത്തിയ അന്വേഷണത്തിൽ സജി യാത്ര ചെയ്തത് സെന്റ്.ആന്റണീസ് ബസ്സിൽ ആണെന്ന് കണ്ടെത്തുകയായിരുന്നു. ഈ സമയം ബസ്സിൽ നിന്നും ലഭിച്ച പണവും രേഖകളുമടങ്ങുന്ന പേഴ്‌സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാൻ ഒരുങ്ങുകയായിരുന്നു സെന്റ്.ആന്റണീസ് ബസ്സിലെ കണ്ടക്ടറായ എം കെ ബിജു. 

ഇരുവരും എത്തി ബിജുവിനോട് കാര്യങ്ങൾ പറഞ്ഞതോടെ മൂവർക്കും ആശ്വാസമായി. തുടർന്ന് പണവും രേഖകളുമടങ്ങുന്ന പേഴ്‌സ് ബിജു സജിക്ക് കൈമാറി.