കോട്ടയം: ടൈം ടേബിൾ വെച്ച് പഠിക്കുന്ന ശീലമില്ല, എല്ലാ ദിവസവും മുടങ്ങാതെ പത്രം വായിക്കും ഒപ്പം നമുക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും മനസിലാക്കും, കൂട്ടമായി എപ്പോഴും ഇന്റർനെറ്റും ഉണ്ടാകും... സിവി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷയിൽ ആ​റാം റാ​ങ്ക് സ്വ​ന്ത​മാ​ക്കിയ ഗഹന നവ്യ ജെയിംസ്(25) തന്റെ പഠന രീതികളും ഒപ്പം റാങ്ക് ലഭിച്ചതിന്റെ സന്തോഷവും പങ്കിടുകയായിരുന്നു.  2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഈ കോട്ടയം സ്വദേശിനി. 



കോട്ടയം പാലാ പുലിയന്നൂർ സ്വദേശിനിയായ ഗഹനയാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. പാലാ പുലിയന്നൂര്‍ സ്വദേശികളും പാലാ സെൻറ് തോമസ് കോളേജ്  അധ്യാപകന്‍ ജെയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളായ ഗഹന നവ്യ ജെയിംസാണ് സംസ്ഥാനതലത്തിൽ ഒന്നാമത് എത്തിയിരിക്കുന്നത്. തന്റെ രണ്ടാം പരിശ്രമത്തിലാണ് കേരളത്തിന് അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത് എന്ന് ഗഹന പറഞ്ഞു. ആത്മാർത്ഥമായി പഠിച്ചു പരീക്ഷയെഴുതി എന്നാൽ റാങ്ക് വിജയം അപ്രതീക്ഷിതമായിരുന്നു എന്നും ഗഹന പറഞ്ഞു. 



റാങ്ക് വിജയം അറിഞ്ഞതോടെ ആഘോഷത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. പാലാ സെന്റ് തോമസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെയാണ് ഗഹന ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. പാലാ ചാവറ സ്കൂൾ, പാലാ സെൻ മേരിസ് സ്കൂൾ, പാല അൽഫോൻസാ കോളേജ്, പാലാ സെൻറ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 

കുവൈറ്റിലെ മുൻ ഇന്ത്യൻ അംബാസിഡറും ഇപ്പോൾ ജപ്പാനിലെ അംബാസിഡറും ആയ സിബി ജോർജിൻറെ സഹോദരി പുത്രിയാണ് ഗഹന. എം ജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ് ഇപ്പോൾ ഗഹന. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയാണ് റാങ്ക് നേട്ടത്തിന് തന്നെ അര്ഹയാക്കിയതെന്നു ഗഹന പറഞ്ഞു.