കിഴക്കമ്പലം പള്ളി കേസിൽ യാക്കോബായ വിഭാഗത്തിൻറ നിലപാട് വിചിത്രം: ഓർത്തഡോക്സ് സഭ.


കോട്ടയം: കിഴക്കമ്പലം പള്ളി കേസിൽ യാക്കോബായ വിഭാഗം 2017 ലെ സുപ്രീം കോടതിയുടെ അന്തിമ വിധി അംഗീകരിച്ച നിലപാട് ഇരട്ടത്താപ്പിന് ഉദാഹരണമാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രസ്താവിച്ചു. 

സുപ്രീംകോടതിയുടെ അന്തിമവിധിയെ തള്ളിപ്പറഞ്ഞ് നിയമ നിർമാണത്തിന് മുറവിളി കൂട്ടുന്നവർ തരാതരം പോലെ പ്രസ്തുത വിധിയെ അംഗീകരിക്കുന്നതായി കോടതികളിൽ നിലപാടെടുക്കുന്നു. സുപ്രീംകോടതിയുടെ അന്തിമവിധി അംഗീകരിച്ച് യാക്കോബായ വിഭാഗം പുതിയ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിൽ നിയമ നിർമ്മാണത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അഡ്വ. ബിജു ഉമ്മൻ പ്രസ്താവനയിൽ പറഞ്ഞു. 

നീതിപൂർവ്വവും നിയമപരവും ശാശ്വതവുമായ സഭാ സമാധാനത്തിന് സുപ്രീം കോടതി വിധിയാണ് ആധാരം എന്ന തിരിച്ചറിവ് സ്വാഗതാർഹമാണ്. കോടതികൾക്കുള്ളിൽ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായും സർക്കാരിന് മുൻപിൽ നിയമനിർമാണം വേണമെന്നും പൊതുസമൂഹത്തിന് മുൻപിൽ ശാശ്വത സമാധാനം ആഗ്രഹിക്കുന്നു എന്നുമുള്ള വ്യത്യസ്ത നിലപാടുകൾ വിചിത്രവും ആത്മാർത്ഥത ഇല്ലാത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.