കോട്ടയം: ഫയർഫോഴ്സ് മേധാവിയായ ഡി.ജി.പി ബി.സന്ധ്യ ഇ മാസം 31 നു വിരമിക്കും. മൂന്നര പതിറ്റാണ്ടത്തെ സേവനത്തിനുശേഷമാണ് കോട്ടയം പാലാ സ്വദേശിനിയായ ബി.സന്ധ്യ വിരമിക്കുന്നത്. പോലീസിലും പൊതുജനങ്ങൾക്കിടയിലും ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഉദ്യോഗസ്ഥയാണ് വിരമിക്കുന്നത്. ഡി.ജി.പി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയാണ് ബി.സന്ധ്യ.
സേനയിൽ നിന്ന് പടിയിറങ്ങിയാലും സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി സന്ധ്യ നിയമിക്കപ്പെട്ടേക്കും. ഏറെ ഇഷ്ടമുള്ള അധ്യാപന മേഖലയിലേക്ക് കടക്കാനാണ് ബി.സന്ധ്യക് കൂടുതൽ താല്പര്യം. 1963 മെയ് 25ന് പാലാ മീനച്ചിൽ താലൂക്കിൽ ഭാരത ദാസിന്റെയും കാർത്ത്യായനി അമ്മയുടെയും മകളായി ഒരു സാധാരണ കുടുംബത്തിൽ ജനനം. ആലപ്പുഴ സെന്റ് ആന്റണീസ് ഹൈസ്‌കൂൾ, ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഹൈസ്‌കൂൾ, പാലാ അൽഫോൻസാ കോളജ് എന്നിവിടങ്ങളിൽ വിദ്യഭ്യാസം പൂർത്തിയാക്കി. സുവോളജിയിൽ ഫസ്‌റ്റ്‌ക്ലാസ്സിൽ റാങ്കോടെ എം.എസ്.സി ബിരുദം നേടി.
ഓസ്‌ട്രേലിയയിലെ വുളോംഗ്ഗോംഗ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹ്യൂമെൻ റിസോഴ്‌സസ് മാനേജ്‌മെന്റിൽ പരിശീലനം നേടി. ബിർലാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി എച്ച് ഡി. നേടിയിട്ടുണ്ട്. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയുമാണ് ബി. സന്ധ്യ. ഇരുപത്തിയഞ്ചാം വയസ്സിലാണ് ബി.സന്ധ്യ ഐ.പി.എസ് നേടിയത്. ലോക രാജ്യങ്ങൾ സ്വീകരിച്ച വിജയകരമായ മാതൃകയായി മാറിയ ജനമൈത്രി പൊലീസിംഗിന് 2007ൽ തുടക്കമിട്ടത് സന്ധ്യയായിരുന്നു. മികച്ച സേവനത്തിന് 2006ലും 2014ലും രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു. 1986-1988 കാലത്ത് മത്സ്യഫെഡിൽ പ്രോജക്‌ട് ഓഫീസറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
2021 ഓഗസ്റ്റ് ഒന്നു മുതൽ എക്സ് കേഡർ ഡി.ജി.പിയാണ്. 2021 ജനുവരി ഒന്നു മുതൽ ഫയർഫോഴ്സ് മേധാവിയായി തുടരുന്നു. എ.ഡി.ജി.പി പൊലീസ് ട്രെയിനിംഗ് കോളേജ്, എറണാകുളം മധ്യമേഖല ഐ.ജി, തിരുവനന്തപുരം റേയ്ഞ്ച് ഡി.ഐ.ജി എന്നീ നിലകളിലും പ്രവർത്തിച്ചു. 35 വർഷത്തെ ഐ.പി.എസ് കരിയർ പൂർത്തിയാക്കിയാണ് സന്ധ്യ മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്നത്. ഷൊർണ്ണൂർ, ആലത്തൂർ എന്നിവിടങ്ങളിൽ എ.എസ്.പി, തൃശൂർ,കൊല്ലം ജില്ലകളിൽ എസ്.പി, കണ്ണൂരിൽ ക്രൈംബ്രാഞ്ച് എസ്.പി എന്നീ നിലകളിലും പിന്നീട് തിരുവനന്തപുരം പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ എ.ഐ.ജിയായും പ്രവർത്തിച്ചിട്ടുണ്ട്.
2006ൽ തിരുവനന്തപുരം റേയ്ഞ്ച് ഡി.ഐ.ജി, 2011-ൽ എറണാകുളം മധ്യമേഖല ഐ.ജി എന്നീ പദവികൾ വഹിച്ചു. 2013 മുതൽ 2021 വരെ എഡിജിപിയായിരുന്നു. 2018-2020-ൽ കേരള പോലീസ് അക്കാദമി മേധാവിയായും പ്രവർത്തിച്ചു. 2020 ഡിസംബർ 31-ന് വിരമിച്ച ആർ.ശ്രീലേഖയ്ക്ക് പകരമായി അഗ്‌നിരക്ഷാ വിഭാഗം മേധാവിയായി നിയമിതയായി. ജിഷ കൊലപാതകക്കേസ്, നടൻ ദിലീപ് പ്രതിസ്ഥാനത്തുള്ള യുവനടി ആക്രമിക്കപ്പെട്ട കേസ് തുടങ്ങിയ സുപ്രധാന കേസുകൾക്ക് ബി.സന്ധ്യയാണ് നേതൃത്വം നൽകിയത്. താരാട്ട്, ബാലവാടി, റാന്തൽവിളക്ക്, നീർമരുതിലെ ഉപ്പൻ, സ്ത്രീശക്തി, റാന്തൽവിളക്ക്, കൊച്ചുകൊച്ചു ഇതിഹാസങ്ങൾ, ശക്തിസീത, തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു.