എന്റെ കേരളം പ്രദര്‍ശന വിപണന മേള: വിദ്യാഭ്യാസ വിഭാഗത്തിലെ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം എം.ജി. സര്‍വ്വകലാശാലയ്ക്ക്.


കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 16 മുതല്‍ കോട്ടയം നാഗമ്പടം മൈതാനത്ത് നടന്ന എന്‍റെ കേരളം പ്രദര്‍ശന വിപണ മേളയില്‍ മികച്ച വിദ്യാഭ്യാസ സ്റ്റാളിനുള്ള പുരസ്‌കാരം മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയ്ക്ക്. സമാപനച്ചടങ്ങില്‍ സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ പുരസ്‌കാരം സമ്മാനിച്ചു. 

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ബിസിനസ് ഇന്നവേഷന്‍ ആന്‍റ് ഇന്‍കുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍, എസ്‌റ്റേറ്റ് ഓഫീസര്‍ കെ.എന്‍. സജീവ് എന്നിവര്‍ ചേര്‍ന്ന്  പുരസ്‌കാരം ഏറ്റുവാങ്ങി.  ഏറ്റുമാനൂര്‍ ഐ.ടി.ഐയ്ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. മഹാത്മാ ഗാന്ധി സര്‍വകലാശാല അവസരങ്ങളുടെ ജാലകം എന്ന ആശയം മുന്‍നിര്‍ത്തിയാണ് സ്റ്റാള്‍ സജ്ജീകരിച്ചത്. ശാസ്ത്ര ഗവേഷണ ഫലങ്ങള്‍ ബിസിനസ് സംരംഭങ്ങളായി മാറ്റാനുള്ള സാധ്യതകളാണ് ബിസിനസ് ഇന്നവേഷന്‍ ആന്‍റ് ഇന്‍കുബേഷന്‍ സെന്‍റര്‍(ബി.ഐ.ഐ.സി) സ്റ്റാളില്‍ അവതരിപ്പിച്ചത്.  

സ്‌കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ്  റോബോട്ടിക്‌സ് സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പ്രയോജനപ്പെടുത്തിയുള്ള കൃഷി രീതിയയുടെ മാതൃകയും ഏറെ ശ്രദ്ധനേടി. അക്കാദമിക്, ഗവേഷണ, സംരംഭകത്വ മേഖലകളില്‍ അതിവേഗം വളരുമ്പോഴും സര്‍വകലാശാല പരിസ്ഥിതി സംരക്ഷണത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിന്‍റെ കാഴ്ച്ചകളൊരുക്കിയാണ് ഹരിത പ്രോട്ടോക്കോള്‍ പദ്ധതി - നിര്‍മ്മലം എം.ജി.യു  പ്രദര്‍ശനത്തില്‍ പങ്കുചേര്‍ന്നത്. മാലിന്യങ്ങളില്‍നിന്നും തയ്യാറാക്കിയ വളവും കൃഷി സാമഗ്രികളുമൊക്കെ കുറഞ്ഞ വിലയ്ക്ക് വില്‍പ്പനയ്ക്ക് എത്തിച്ചപ്പോള്‍ ആവശ്യക്കാര്‍ ഏറെയെത്തി. സര്‍വകലാശാലയിലെ വിവിധ വകുപ്പുകളുടെയും പഠന കേന്ദ്രങ്ങളുടെയും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേയും സ്റ്റാളില്‍ ഒരുക്കിയിരുന്നു. 

സ്റ്റാള്‍ സജ്ജീകരണം ഏകോപിപ്പിച്ച പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, ഇതിനായി പ്രവര്‍ത്തിച്ച കമ്മിറ്റിയിലെ അംഗങ്ങള്‍, വകുപ്പ് മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് അഭിനന്ദിച്ചു.