കോട്ടയം: കോട്ടയത്തിന്റെ പുതിയ ജില്ലാ കളക്ടറായി വി വിഘ്‌നേശ്വരി സ്ഥാനമേൽക്കും. നിലവിൽ കോട്ടയം ജില്ലാ കലക്ടറായ ഡോ.പി കെ ജയശ്രീ സർവീസിൽ നിന്നു വിരമിക്കുന്ന ഒഴിവിലാണ് വിഘ്‌നേശ്വരിയുടെ നിയമനം. 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ വിഘ്‌നേശ്വരി മധുര സ്വദേശിനിയാണ്.
2011-ൽ മധുര ത്യാഗരാജാർ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ വിഘ്‌നേശ്വരി ഒരുവർഷം ചെന്നൈ ടി.സി.എസിൽ അസിസ്റ്റന്റ് സിസ്റ്റം എൻജീയറായി ഒരുവർഷം ജോലിചെയ്തത്തിനു ശേഷമാണ് 2015-ൽ ഐ.എ.എസ്. നേടിയത്. കോഴിക്കോട് സബ് കളക്ടർ, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഡയറക്ടർ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ, കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
കോട്ടയത്തിന്റെ 48 മത് ജില്ലാ കലക്ടറായാണ് ജൂൺ ഒന്നിന് വി വിഘ്‌നേശ്വരി ചുമതലയേൽക്കുന്നത്. ജി 20 കുമരകത്ത് നടക്കുമ്പോൾ ഏകോപന ചുമതലകളിൽ വിഘ്‌നേശ്വരി കോട്ടയത്ത് ഉണ്ടായിരുന്നു. എറണാകുളം കളക്ടർ എൻ.എസ്.കെ.ഉമേഷാണ് വിഘ്‌നേശ്വരിയുടെ ഭർത്താവ്. ഇരുവരും തമിഴ്‌നാട് മധുര സ്വദേശികളാണ്.