കോട്ടയം: എ.ഐ. ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം കോട്ടയം ജില്ലയിൽ കണ്ടെത്തിയത് 2194 നിയമലംഘനങ്ങൾ. തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് ഇത്. സംസ്ഥാനത്ത് ഇന്നലെ ആകെ 28,891 നിയമലംഘനങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. എ.ഐ. ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് നല്ല സൂചനയാണ് എന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് 4,778. തിരുവനന്തപുരം 4,362, പത്തനംതിട്ട 1,177, ആലപ്പുഴ 1,288, കോട്ടയം 2,194, ഇടുക്കി 1,483, എറണാകുളം 1,889, തൃശ്ശൂർ 3,995, പാലക്കാട് 1,007, മലപ്പുറം 545, കോഴിക്കോട് 1,550, വയനാട് 1,146, കണ്ണൂർ 2,437, കാസർഗോഡ് 1,040 എന്നിങ്ങനെയാണ് ഇന്ന് കണ്ടെത്തിയ റോഡിലെ നിയമ ലംഘനങ്ങൾ. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, വാഹനം ഓടിച്ചുകൊണ്ടുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, സിഗ്നല്‍ തെറ്റിക്കല്‍, അമിത വേഗത, അപകടകരമായ പാര്‍ക്കിങ് തുടങ്ങിയ നിയമലംഘനങ്ങളിൽ പിഴ ഈടാക്കുന്നതിനാണ് മുന്‍ഗണന. എന്നാല്‍, ഇരുചക്ര വാഹനത്തില്‍ രണ്ട് മുതിര്‍ന്നവരെ കൂടാതെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടി കൂടി യാത്ര ചെയ്യുന്നതിന് തൽക്കാലം പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഇക്കാര്യത്തിൽ ഇളവ് തേടിയുള്ള നിയമഭേദഗതിയിൽ കേന്ദ്രസർക്കാരിന്റെ അന്തിമ തീരുമാനം വരുന്നതു വരെ പിഴയീടാക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ക്യാമറ പണി തുടങ്ങി! എ.ഐ. ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം കോട്ടയം ജില്ലയിൽ കണ്ടെത്തിയത് 2194 നിയമലംഘനങ്ങൾ.