കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും അമൽജ്യോതി കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയും കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയുമായ ശ്രദ്ധ സതീഷിനെ(20) യാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുള്ള സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോയപോഴായിരുന്നു സംഭവം. തിരികെയെത്തിയ സഹപാഠികൾ മുറി അകത്തു നിന്നും പൂട്ടിയിരിക്കുന്നത് കണ്ടു വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് ശ്രദ്ധയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപാഠികൾ വിവരമറിയിച്ചതുനുസരിച്ച് ഹോസ്റ്റൽ അധികൃതർ വിദ്യാർത്ഥിനിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കോളേജിനെതിരെയും ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. കോളജിന്റെ ലാബില്‍ വച്ച് ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടർന്ന് അധികൃതർ ഫോൺ പിടിച്ചു വയ്ക്കുകയും ശകാരിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. ഫോൺ തിരികെ കിട്ടാനായി മാതാപിതാക്കൾ കോളേജിൽ എത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. സെമസ്റ്റര്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന കാര്യവും കോളജ് അധികൃതര്‍ കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിനെ തുടർന്ന് അധികൃതരുടെ ശകാരം വിദ്യാർത്ഥിനിയെ മാനസികമായി തകർത്തതായും സഹപാഠികൾക്ക് മുൻപിൽ അപമാനിതയായതായും ഇതേത്തുടർന്ന് മാനസിക ബുദ്ധിമുട്ട് നേരിട്ടതായും കുടുംബം പറയുന്നു. ശ്രദ്ധയുടെ മരണത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ നാളെ മുതൽ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
കാഞ്ഞിരപ്പള്ളിയിൽ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: മരണത്തിൽ ദുരൂഹത, അമൽജ്യോതി കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം.