കോട്ടയം: കോട്ടയത്ത് തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്കിനു പിന്നിൽ നിന്നും വീണു മാതാവിന് ദാരുണാന്ത്യം.
കൊഴുവനാൽ ഐക്കരയിൽ പരേതനായ തങ്കപ്പന്റെ മകൾ ബിന്ദു(48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. കൊഴുവനാല്‍ ടൗണിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. ബിന്ദു മകൻ അശ്വിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനു മുന്നിലേക്ക് തെരുവ് നായ കുറുകെ ചാടിയത്.
ബൈക്ക് പെട്ടന്ന് ബ്രെയ്ക്ക് പിടിച്ചതോടെ നിയന്ത്രണം നഷ്ടമാകുകയും പിന്നിലിരുന്ന ബിന്ദു റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയവർ ഇവരെ ഉടൻ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ശനിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും.