കോട്ടയം: വൈക്കത്ത് കാർഷിക ഡി.പി.ആർ. ക്ലിനിക്ക് ആരംഭിക്കുമെന്ന് കാർഷികവികസന-കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. വൈക്കം ബ്ലോക്ക് പഞ്ചായത്തും ഉദയനാപുരം ഗ്രാമപഞ്ചായത്തും ചാലകം പാടശേഖര സമിതിയും സംയുക്തമായി വിളയിച്ച് വിപണിയിൽ എത്തിച്ച അരി 'ചാലകം റൈസി'ന്റെ ഉദ്ഘാടനം ഉദയനാപുരം ഇരുമ്പുഴിക്കര എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാർഷിക സംരംഭങ്ങൾ ആരംഭിക്കുന്നതിനായി വിശദമായ പദ്ധതി രേഖകൾ വിദഗ്ധരുടെ നേതൃത്വത്തിൽ തയാറാക്കുന്നതിനായാണ് ഡി.പി.ആർ. ക്ലിനിക്ക് ആരംഭിക്കുക. നെൽകൃഷിയുടെ വികസനത്തിന് പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കേണ്ടത് അനിവാര്യമാണ്. ചാലകം പാടശേഖരത്തിന്റെ നിലവിലെ ന്യൂനതകൾ പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. കൃഷിയെ പുതിയ തലമുറ നെഞ്ചേറ്റുന്നതിന്റെ ഫലമാണ് വൈക്കത്തിന്റെ ബ്രാൻഡായി ചാലകം റൈസ് വിപണിയിലേക്ക് എത്താൻ കാരണമെന്നും മന്ത്രി പറഞ്ഞു. സി.കെ. ആശ എം.എൽ.എ. അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി റൈസ് കൈമാറ്റം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണിയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അനൂപ്, കേരള സംസ്ഥാന കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.എസ്. ഗോപിനാഥൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജിനു ബാബു, പി.ഡി. ജോർജ്, പി. പ്രസാദ്, കെ. ദീപേഷ്, വൈക്കം ബ്ലോക്ക് അസിസ്റ്റന്റ് കൃഷി ഡയറക്ടർ പി.പി. ശോഭ, രാഷ്ട്രീയ കക്ഷി നേതാക്കളായ അരുണൻ, സാബു പി. മണൊലൊടി, പി.ഡി. ഉണ്ണി, പാടശേഖരസമിതി അംഗങ്ങളായ മോഹൻ കുമാർ, എ.ബി. സുധീഷ് മോൻ എന്നിവർ പങ്കെടുത്തു. 30 വർഷമായി തരിശുകിടന്ന ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ചാലകം പാടശേഖരത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും പാടശേഖരസമിതിയുടെയും സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ തരിശുരഹിത കൃഷിയിട പദ്ധതിയായ 'നിറവി'ൽ ഉൾപ്പെടുത്തിയാണ് കൃഷിയിറക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ചാലകത്ത് കൃഷിയിറക്കിയത്.
ചാലകം റൈസ് വിപണിയിലേക്ക്! വൈക്കത്ത് കാർഷിക ഡി.പി.ആർ. ക്ലിനിക്ക് ആരംഭിക്കും: മന്ത്രി പി. പ്രസാദ്.