കോട്ടയം: ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ ഒ.പി രജിസ്ട്രേഷൻ ബ്ലോക്ക് നിർമാണം പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2.05 കോടി രൂപ ചെലവിൽ ആശുപത്രിയിൽ നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒ.പി. രജിസ്ട്രേഷൻ ബ്ലോക്കിന്റെ നിർമാണമാണ് പൂർത്തീകരിച്ചത്. 1200 ചതുരശ്ര അടിയുള്ള രജിസ്ട്രേഷൻ ബ്ലോക്കിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക ഒ.പി. കൗണ്ടറുകൾ, ഫാർമസി, ജീവനക്കാർക്കുള്ള വിശ്രമമുറി, ശുചിമുറി എന്നിവയാണ് നിർമിച്ചിട്ടുള്ളത്. ആശുപത്രി രോഗീസൗഹൃദമാക്കുന്നതിന് കുടിവെള്ളം, ടെലിവിഷൻ, ദിശാ ബോർഡുകൾ, റാമ്പുകൾ എന്നീ സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. നവീകരത്തിന്റെ ഭാഗമായി 5055 ചതുരശ്ര അടിയിൽ മറ്റൊരു കെട്ടിടം കൂടി നിർമിക്കുന്നുണ്ട്. പ്രധാനമായും ഓർത്തോ വിഭാഗമാണ് ഇവിടെ പ്രവർത്തിക്കുക. രണ്ടു നിലകളുള്ള ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 90 കസേരകളോടു കൂടിയ കാത്തിരിപ്പ് കേന്ദ്രം, നാല് ഒ.പി. മുറികൾ, ഫിസിയോതെറാപ്പി മുറി, രണ്ട് പ്ലാസ്റ്ററിംഗ് മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷി വിഭാഗത്തിനുമായി ശുചിമുറികൾ എന്നിവ നിർമിക്കും. ഒന്നാം നിലയിൽ രണ്ട് സർജറി ഒ.പി മുറികളും പ്രൊസിജിയർ മുറി, ഓട്ടോ ക്ലേവ് മുറി, ഇ-ഹെൽത്ത് മുറി, ഡോക്ടർമാർക്കുള്ള വിശ്രമമുറി, 40 കസേരകളോടു കൂടിയ വിശ്രമമുറി എന്നിവയുണ്ട്. നിലവിൽ ഓർത്തോവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം ഏറെ കാലപ്പഴക്കമുള്ളതിനാൽ പൊളിച്ചുമാറ്റും.