കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ ഇപ്പോൾ നടപടിയില്ല, കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും, വിദ്യാർത്ഥികൾ സമരം


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസങ്ങളിലായി വിദ്യാർത്ഥികൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിന്റേയും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികളും മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. കുറ്റക്കാരെന്നു വിദ്യാർത്ഥികൾ ആരോപിക്കുന്ന അധ്യാപകർക്കെതിരെ ഇപ്പോൾ നടപടി എടുക്കാൻ ആവില്ലെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതു പ്രകാരം ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റും. സമരത്തിൽ പങ്കെടുത്തതിന് വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടികൾ ഉണ്ടാകില്ല. വിദ്യാർത്ഥികൾ സമരം പിൻവലിച്ചതോടെ തിങ്കളാഴ്ച മുതൽ ക്‌ളാസ്സുകൾ ആരംഭിക്കും. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയും കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയുമായ ശ്രദ്ധ സതീഷിനെ(20) യാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.