കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യ കുറിപ്പ് ലഭിച്ചു എന്ന് പോലീസ് പറയുന്നത് വ്യാജമാണെന്ന് കുടുംബം. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയും കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയുമായ ശ്രദ്ധ സതീഷി(20)ന്റെ ആത്മഹത്യ കുറിപ്പ് ലഭിച്ചതായി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ആണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇത് വ്യാജമാണെന്നും പോലീസ് കെട്ടിച്ചമച്ച തെളിവുകളാണ് എന്നും ആരോപിച്ചു ശ്രദ്ധയുടെ കുടുംബം രംഗത്ത് എത്തി. അമൽ ജ്യോതി കോളേജ് മാനേജ്മെന്റ് ശ്രദ്ധയെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പോലീസ് കോളേജ് മാനേജ്‌മെന്റിന് ഒപ്പം ചേർന്ന് കളിക്കുകയാണെന്നും ശ്രദ്ധയുടെ പിതാവ് പറഞ്ഞു. കൂട്ടുകാരിക്ക് 2022 ൽ അയച്ചു നൽകിയ ഒരു കുറിപ്പ് ആണ് ഇപ്പോൾ പോലീസ് ആത്മഹത്യാ കുറിപ്പെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് എന്ന് പിതാവ് പറഞ്ഞു. പോലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായി പോലീസ് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. ശ്രദ്ധയുടെ ആത്മഹത്യയും തുടർന്നുണ്ടായ പ്രതിഷേധത്തെയും വർഗീയവത്കരിക്കാനാണ് കോളേജ് മാനേജ്മെന്റിന്റെ ശ്രമം എന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി. "എച്ച്.ഒ.ഡി എന്തൊക്കെയോ മകളോട് സംസാരിച്ചിട്ടുണ്ട്,അവളെ ഹരാസ് ചെയ്തിട്ടുണ്ട്,ക്യാബിനിൽ നിന്നും പുറത്തേക്ക് പോയതോടെയാണ് ശ്രദ്ധയ്ക്ക് സമനില തെറ്റിയത്.പിന്നാലെയാണ് ആത്മഹത്യ.ഫുഡ് ടെക്നോളജി അവളുടെ വലിയ ആഗ്രഹമായിരുന്നു. പഠിച്ചിറങ്ങി സ്വന്തമായി ഒരു ജോലി നേടുമെന്ന് സ്ഥിരമായി അവൾ ഞങ്ങളോടൊക്കെ പറയാറുണ്ടായിരുന്നു.ഇനി പറഞ്ഞിട്ട് എന്താണ് കാര്യം പൊലിഞ്ഞുപോയ ജീവൻ തിരിച്ചു നൽകാൻ കൊന്നുതള്ളിയവർക്കാകുമോ''.....ശ്രദ്ധയുടെ പിതാവ് പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കുടുംബം പറഞ്ഞു.