കോട്ടയം: കോട്ടയം ജില്ലയിലെ നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ തുടർച്ചയായി ഉണ്ടാകുന്ന മുഴക്കങ്ങളെപ്പറ്റി പഠനം നടത്തുന്നതിനായി കോട്ടയം ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പിന്റെ നിർദേശനുസരണം പരിസ്ഥിതി സയൻസ് വിഭാഗത്തിൽ നിന്നുള്ള വിദഗ്ദ്ധർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.
പഞ്ചായത്ത് രണ്ട്,ഏഴ്,പന്ത്രണ്ട്,പതിമൂന്ന്,പതിനാല് വാർഡുകളിലെ പാറയ്ക്കൽ, മുളമല, ചാത്തൻപാറ, പൊങ്ങംപാറ, മുഴുവൻകുഴി തുടങ്ങിയ സ്ഥലങ്ങളിലെ ജലാശയമുള്ള പ്രദേശങ്ങൾ സന്ദർശിച്ചു. നെടുംകുന്നത്ത് വർഷങ്ങളായി പ്രവർത്തിക്കാതെ കിടക്കുന്ന ക്വാറികളിൽ വൻതോതിൽ വെള്ളം കെട്ടികിടക്കുന്നത് മഴക്കാലത്ത് ഭൂമിക്കുള്ളിലേക്ക് ഇറങ്ങി മർദ്ധ വ്യത്യാസം ഉണ്ടാക്കുന്നത് വിശദമായ പഠനത്തിന് വിധേയമാക്കേണ്ടിവരും എന്ന് വിദഗ്ദ്ധ സമിതി അഭിപ്രായപ്പെട്ടു.
തുടർച്ചയായി ഒരു പ്രദേശത്തുണ്ടാകുന്ന മുഴക്കം ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും ജനങ്ങൾ പേടിക്കേണ്ടകാര്യമില്ല എന്ന് വിദഗ്ദ്ധർ പറഞ്ഞു. ഇതുപോലെയുള്ള മുഴക്കങ്ങൾ മഴക്കാലത്ത് നമ്മുടെ സമീപ പ്രദേശങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും ഇത് ഭൂമിക്കടിയിലെ ചില മർദ്ധവ്യതിയാനങ്ങൾ ആകാം എന്നതാണ് പ്രാഥമിക നിഗമനം എന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് സംസ്ഥാന സമിതി അംഗവും എൻവോൺമെന്റ് ഡയറക്ടർ പ്രൊഫ. ഡോ. കെ ആർ ബൈജു , പ്രോഫ. ഡോ. മഹേഷ് മോഹൻ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ബീന സി ജെ , വൈസ് പ്രസിഡണ്ട് രവി വി സോമൻ ,ജനപ്രതിനികളായ രാജമ്മ രവീന്ദ്രൻ , മാത്യു വർഗീസ്, വി എം ഗോപകുമാർ , കെ എൻ ശശീന്ദ്രൻ , റോയി നെച്ചിക്കാട്, ഷിനുമോൾ ജോസഫ് , ബീന വർഗീസ് , ശ്രീജ മനു എന്നിവർ സ്ഥലം സന്ദർശിച്ചു.