കോട്ടയം: കോട്ടയം ജില്ലയുടെ 48-ാമത് കളക്ടറായി വി വിഘ്‌നേശ്വരി ചുമതലയേറ്റു. ഭർത്താവും എറണാകുളം ജില്ലാ കലക്ടറുമായി എൻ എസ് കെ ഉമേഷ്, അച്ഛൻ വേലൈച്ചാമി, അമ്മ ശാന്തി, സഹോദരി ഭുവനേശ്വരി, സഹോദരിമക്കളായ ധനുശ്രീ, ഋഷിത് തരുൺ എന്നിവർക്കൊപ്പം എത്തിയാണ് എ ഡി എമ്മിൽ നിന്നും ചുമതലയേറ്റെടുത്തത്. കഴിഞ്ഞ മാർച്ചിലായിരുന്നു ഉമേഷ് എറണാകുളം കലക്ടറായി ചുമതലയേറ്റത്. ഇപ്പോൾ വി വിഘ്‌നേശ്വരി കോട്ടയം കലക്ടറായി ചുമതലയേറ്റതോടെ അയൽ ജില്ലകളുടെ ഭരണസാരഥികളായി മാറിയിരിക്കുകയാണ് ഈ കളക്ടർ ദമ്പതിമാർ. 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ വിഘ്‌നേശ്വരി മധുര സ്വദേശിനിയാണ്. 2011-ൽ മധുര ത്യാഗരാജാർ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ വിഘ്‌നേശ്വരി ഒരുവർഷം ചെന്നൈ ടി.സി.എസിൽ അസിസ്റ്റന്റ് സിസ്റ്റം എൻജീയറായി ഒരുവർഷം ജോലിചെയ്തത്തിനു ശേഷമാണ് 2015-ൽ ഐ.എ.എസ്. നേടിയത്. കോഴിക്കോട് സബ് കളക്ടർ, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഡയറക്ടർ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ, കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. വിഘ്‌നേശ്വരിയും ഉമേഷും തമിഴ്‌നാട് മധുര സ്വദേശികളാണ്. 2018-ൽ വിവാഹം നടക്കുമ്പോൾ വയനാട് സബ് കളക്ടറാണ് ഉമേഷ്. വിഗ്നേശ്വരി കോഴിക്കോട് സബ് കളക്ടറും. അടുത്തടുത്ത ജില്ലയിലെ പദവികളിൽ ഇരുന്നശേഷം പിന്നീട് തിരുവനന്തപുരത്ത് ഇരുവരും ജോലിചെയ്തു.ജില്ലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ മുൻഗണന നൽകേണ്ടത് ഏതെന്ന് കണ്ടെത്താൻ ജനാഭിപ്രായം തേടും, സാമൂഹികമാദ്ധ്യമങ്ങൾ വഴി അതിനായി കാമ്പയിൻ ആരംഭിക്കും എന്നും ജില്ലാ കളക്ടർ പറഞ്ഞു.