'റിഫ്‌ളക്ഷൻസ് ഫ്രം ലൈറ്റ്‌സ് ടു ലൈവ്‌സ്', ഭിന്നശേഷിക്കാരായ കുട്ടികളുടെ വിശേഷങ്ങളുമായി കോട്ടയം ഈസ്റ്റ് ബി.ആർ.സിയുടെ ന്യൂസ് ബുള്ളറ്റിൻ.



കോട്ടയം: ഭിന്നശേഷിക്കാരായ കുട്ടികളുടെ വിശേഷങ്ങളും ഓട്ടിസം സെന്ററിന്റെ പ്രവർത്തനങ്ങളും പങ്കുവച്ചുകൊണ്ട് കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് റിസോഴ്‌സ് സെന്ററിന്റെ ന്യൂസ് ബുള്ളറ്റിൻ 'റിഫ്‌ളക്ഷൻസ് ഫ്രം ലൈറ്റ്‌സ് ടു ലൈവ്‌സ്'. സമഗ്ര ശിക്ഷ കേരളം കോട്ടയം ഈസ്റ്റ് ബി.ആർ.സി. പുറത്തിറക്കുന്ന ന്യൂസ് ബുള്ളറ്റിന്റെ ആദ്യ ലക്കം ജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളിന് നൽകി പ്രകാശനം ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി.ആർ.സികളിലെ ഓട്ടിസം സെന്ററുകൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും സെന്ററിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ സഹായവും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും കളക്ടർ പറഞ്ഞു. കോട്ടയം ഈസ്റ്റ്  ബി.ആർ.സി.  പ്രവർത്തനങ്ങളും പദ്ധതികളും കുട്ടികളുടെ സൃഷ്ടികളുമാണ് മൂന്ന് മാസത്തിലൊരിക്കൽ പുറത്തിറക്കുന്ന ന്യൂസ് ബുള്ളറ്റിനിലൂടെ സമൂഹത്തിലേക്കെത്തിക്കുന്നത്. കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങളിലും മറ്റ് ബി.ആർ.സികളിലും ന്യൂസ് ബുള്ളറ്റിന്റെ കോപ്പികൾ നൽകും. എസ്.എസ്.കെ. ജില്ലാ  കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഡി.ഇ.ഒ. ഇൻചാർജ് എസ്. ശ്രീകുമാർ, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ബിനു ഏബ്രഹാം, ആശ ജോർജ്ജ്, ധന്യ പി. വാസു, കോട്ടയം ഈസ്റ്റ് എ.ഇ.ഒ. ഇൻ ചാർജ് ടി.ഡി. ജയകുമാർ, കോട്ടയം ഈസ്റ്റ് ബി.ആർ.സി. ബി.പി.സി.സജൻ. എസ്.നായർ, ഐ.ഇ.ഡി സി. ട്രെയിനർ ഇൻ ചാർജ് കെ.എം.സലിം, രക്ഷാകർതൃ പ്രതിനിധി അനീന ചെറിയാൻ എന്നിവർ പങ്കെടുത്തു.