കുമരകം: യു കെ യിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കോട്ടയം സ്വദേശിനിയായ നേഴ്സ് പ്രതിഭയുടെ സംസ്കാരം നടത്തി. കേംബ്രിഡ്ജിലെ ആദം ബ്രൂക്സ് ആശുപത്രിയിൽ നഴ്സായിരുന്ന കോട്ടയം കുമരകം സ്വദേശിനി പ്രതിഭ കേശവൻ (38) ആണ് ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ മാസം 29 നായിരുന്നു പ്രതിഭയുടെ മരണം. മൃതദേഹം എയർ ഇന്ത്യ ആദാരാഞ്ജലികൾ അർപ്പിച്ചു സ്മരണയോടെ സൗജന്യമായാണ് നാട്ടിൽ എത്തിച്ചത്. കഴിഞ്ഞ വർഷം ലണ്ടനിലേക്ക് ഉള്ള വിമാന യാത്രയിൽ പ്രസവവേദന അനുഭവപ്പെട്ട സ്ത്രീക്ക് സുഖ പ്രസവം വിമാനത്തിൽ തന്നെ ഒരുക്കി നൽകിയ സേവനത്തെ സ്മരിച്ചാണ് എയർ ഇന്ത്യ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിച്ചത്. നാട്ടിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ പ്രതിഭയെ മരണം കവർന്നെടുത്തത്. അമ്മ നാട്ടിലെത്തിയ ശേഷം അമ്മയ്‌ക്കൊപ്പം യു കെ യിലേക്ക് പോകാനായി കാത്തിരുന്ന മകളെ തേടിയെത്തിയത് മരണവാർത്തയായിരുന്നു. കൈരളി യു.കെ കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡണ്ടും നാഷണൽ കമ്മിറ്റി അംഗവുമായിരുന്നു പ്രതിഭ. കുമരകം കദളിക്കാട്ടമാലിയിൽ കെ കേശവന്റെ മകളാണ് പ്രതിഭ. ഭർത്താവ് പ്രസാദ്, മക്കൾ: ശ്രേയ, ശ്രേഷ്ഠ.