കോട്ടയം: കോട്ടയത്തെ ബസ്സ് ഉടമയും ജീവനക്കാരും തമ്മിലുള്ള തർക്കം അന്വേഷിക്കാൻ അഡീഷണൽ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയതായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കോട്ടയം റ്റി.സി.എം വെട്ടിക്കുളങ്ങര ബസ്സുകളുടെ ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. നാളെ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് യോഗം. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ലേബർ കമ്മീഷണർ(എൻഫോഴ്സ്മെന്റ്) കെ എം സുനിലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. വിഷയം രമ്യമായി പരിഹരിക്കാനുള്ള ഇടപെടൽ ആണ് തൊഴിൽ വകുപ്പ് നടത്തുന്നത് എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കൂലി വർദ്ധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത് സിഐടിയു തൊഴിലാളികൾ സ്വകാര്യ ബസിനു മുന്നിൽ കൊടികുത്തിയിരുന്നു. തുടർന്ന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചിരുന്ന ബസ്സിന്റെ സർവ്വീസ് തടസ്സപ്പെടുത്തിയ തൊഴിലാളികളുടെയും സംഘടനകളുടെയും നടപടികളിൽ പ്രതിഷേധിച്ച് ഉടമയായ തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്‌മോഹൻ തന്റെ സ്വന്തം ബസ്സിന് മുൻപിൽ ലോട്ടറി കച്ചവടം തുടങ്ങുകയായിരുന്നു. കോട്ടയം-തിരുവാർപ്പ് റൂട്ടിൽ സർവ്വീസ് നടത്തുന്ന വെട്ടിക്കുളങ്ങര എന്ന സ്വകാര്യ ബസ്സിന് മുൻപിലാണ് സിഐടിയു തൊഴിലാളികൾ കൊടി കുത്തിയത്. സംഭവത്തിൽ രാജ്മോഹന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടർന്ന് കൊടിയും മറ്റും അഴിച്ചു മാറ്റുന്നതിനിടെ സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റിയംഗം കെആർ അജയൻ ഉടമയായ രാജ്മോഹനെ മർദിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയായതോടെ ബസ് പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ബസുടമ മുഖ്യമന്ത്രിയെ പരിഹസിച്ചതായും സിപിഎം സംസ്ഥാന സെക്രട്ടറിയെ പുലഭ്യം പറയുകയും ബിഎംഎസുകാർക്ക് മാത്രം വർദ്ധിച്ച കൂലി നൽകിയ ബസുടമയുടെ ധിക്കാരമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയംഗം അജയൻ കെ മേനോൻ പറഞ്ഞു.