കേരളത്തിലെ തൊഴിൽ സംരംഭങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സിപിഎം നയത്തിന്റെ ഭാഗമാണ് വെട്ടികുളങ്ങര ബസിൽ കൊടി കുത്തി സമരം നടത്തുന്നത്: ലിജിൻ ലാൽ.


കോട്ടയം: കേരളത്തിലെ തൊഴിൽ സംരംഭങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സിപിഎം നയത്തിന്റെ ഭാഗമാണ് വെട്ടികുളങ്ങര ബസിൽ കൊടി കുത്തി സമരം നടത്തുന്നത് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പറഞ്ഞു. കൂലി വർദ്ധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത് സിഐടിയു തൊഴിലാളികൾ കൊടികുത്തിയ കോട്ടയം-തിരുവാർപ്പ് റൂട്ടിൽ സർവ്വീസ് നടത്തുന്ന വെട്ടിക്കുളങ്ങര എന്ന സ്വകാര്യ ബസ്സിന്റെ ഉടമ തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്‌മോഹനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഐടിയു സമരത്തിനെതിരെ പ്രതീകാത്മക സമരം നടത്തുന്ന വെട്ടികുളങ്ങര ബസ് സർവ്വീസ് ഉടമ രാജ്മോഹൻ വെട്ടികുളങ്ങരക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ലിജിൻ ലാൽ പറഞ്ഞു. ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ് രാജ്‌മോഹൻ. സിഐടിയു ഇപ്പോൾ നടത്തുന്നത് തൊഴിൽ വിരുദ്ധ സമരമാണെന്ന് ലിജിൻലാൽ ആരോപിച്ചു. ഗതാഗത വകുപ്പ് അധികൃതർ ഇടപ്പെട്ട് സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ് ആന്റണി ആന്റണി, ജനറൽസെക്രട്ടറി റ്റി.എൻ.വിനോദ്, വി.ജെ ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കൂലി വർദ്ധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആണ് സിഐടിയു തൊഴിലാളികൾ ബസിനു മുന്നിൽ കൊടികുത്തിയത്. ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചിരുന്ന ബസ്സിന്റെ സർവ്വീസ് തടസ്സപ്പെടുത്തിയ തൊഴിലാളികളുടെയും സംഘടനകളുടെയും നടപടികളിൽ പ്രതിഷേധിച്ച് ഉടമയായ തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്‌മോഹൻ തന്റെ സ്വന്തം ബസ്സിന്‌ മുൻപിൽ ലോട്ടറി കച്ചവടം തുടങ്ങി. സൈന്യത്തിൽ ജോലി ചെയ്തിട്ടുള്ള രാജ്‌മോഹൻ ഗൾഫിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് ബസ്സ് റൂട്ട് ആരംഭിച്ചത്. നിലവിൽ 4 ബസ്സുകളുള്ള രാജ്മോഹന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ബസ്സിന്റെ സർവീസാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്. മറ്റു 3 ബസ്സുകൾ ഇപ്പോഴും സർവ്വീസ് നടത്തുന്നുണ്ടെങ്കിലും വരുമാനം കുറവാണ്. ‘ടൈംസ് സ്ക്വയർ ലക്കി സെന്റർ’ എന്നാണു ബസ്സിന്‌ മുൻപിലെ ലോട്ടറി കടയ്ക്ക് രാജ്മോഹന് പേര് നൽകിയിരിക്കുന്നത്.