ഹലോ ആന്റോ ജോസഫ് സാറാണോ... വിളിയെത്തുന്നത് സിനിമാ മോഹികളിൽ നിന്ന് മാത്രമല്ല ഇൻകം ടാക്സ് ഓഫീസിൽ നിന്ന് വരെ! അത് ഞാനല്ല എന്ന് മറുപടി പറഞ്ഞു മടുത്ത് കോട്ട


കോട്ടയം: ഹലോ ആന്റോ ജോസഫ് സാറാണോ... ഒരു സിനിമയുടെ കഥ പറയാനാണ്, ഇപ്പോൾ ഫ്രീയാണോ?...., ഓഫീസിൽ എത്തിയാൽ നേരിൽ കാണാൻ സാധിക്കുമോ?..., ഇങ്ങനെ നീളുന്ന ഫോൺ വിളികളിലും വാട്സാപ്പ് മെസേജുകളിലും അത് ഞാനല്ല എന്ന് മറുപടി പറഞ്ഞു പറഞ്ഞു മടുത്തിരിക്കുകയാണ് ഒരു കോട്ടയം സ്വദേശിയായ യുവാവ്. കോട്ടയം എരുമേലി സ്വദേശിയായ യുവാവാണ് ഇപ്പോൾ ഫോൺ കോളുകൾക്കും വാട്സാപ്പ് മെസേജുകൾക്കും മറുപടി പറഞ്ഞു മടുത്തിരിക്കുന്നത്.

 

 എരുമേലി സ്വദേശിയായ യുവാവിന്റെ പേരും ആന്റോ ജോസഫ് എന്ന് തന്നെ, ഒരു സിനിമാ ആസ്വാദകൻ എന്നതിലുപരി സിനിമ നിർമ്മാണമോ സിനിമയുടെ മറ്റു മേഖലകളുമായോ യാതൊരു ബന്ധവുമില്ലാത്ത എരുമേലിക്കാരൻ ആന്റോയുടെ ഫോണിലേക്ക് ദിവസേനയെത്തുന്നത് നിരവധി കോളുകളും മെസേജുകളുമാണ്. സിനിമയെ സ്വപ്നം കാണുന്ന സിനിമ മേഖലയിൽ എത്താൻ ആഗ്രഹിക്കുന്ന യുവാക്കളും യുവതികളുമാണ് ഫോൺ കോളുകൾക്കും മെസേജുകൾക്കും പിന്നിൽ. കഥ പറയാനും ഉത്‌ഘാടനങ്ങൾക്ക് ക്ഷണിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുമെല്ലാം ആന്റോ ജോസഫ് സാറിനെ അന്വേഷിച്ചു എരുമേലി സ്വദേശി ആന്റോയ്ക്ക് കോൾ ലഭിക്കാറുണ്ട്. തന്നെ വിളിക്കുന്നവരോട് നിങ്ങൾ ഉദ്ദേശിച്ച ആന്റോ ജോസഫ് അല്ല താനെന്നു പറഞ്ഞും വാട്സാപ്പ് മെസേജുകൾക്ക് നിർമ്മാതാവ് ആന്റോ ജോസഫ് താനല്ല എന്ന് മറുപടി മെസേജ് അയച്ചും എരുമേലിക്കാരൻ ആന്റോ മറുപടി നൽകാറുണ്ട്. 



കോട്ടയം എരുമേലി സ്വദേശിയായ ആന്റോ നാട്ടിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ജോലിക്കിടെയെത്തുന്ന കോളുകൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ടെങ്കിലും എല്ലാവരോടും സൗമ്യമായി കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ചു വീണ്ടും തന്റെ ജോലിയിൽ മുഴുകുകയാണ് ഈ യുവാവ് ചെയ്യുന്നത്. ഐ ടി സംബന്ധമായ ജോലികൾ ചെയുന്ന യുവാവ് തന്റെ ഫോൺ നമ്പർ ഗൂഗിളിൽ സർവ്വീസ് സംബന്ധമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നമ്പർ എടുത്താകാം വിളികൾ വരുന്നതെന്നാണ് ആന്റോയുടെ നിഗമനം. കാരണം തന്നെ വിളിക്കുന്നവരോടെല്ലാം ഈ നമ്പർ എവിടെ നിന്നും ലഭിച്ചു എന്ന് ചോദിക്കുമ്പോൾ ഗൂഗിൾ സെർച്ചിൽ ലഭിച്ചു എന്നാണു മറുപടി.

 

 സിനിമാ നിർമ്മാതാവും വിതരണക്കാരനുമായ ആന്റോ ജോസഫും കോട്ടയം സ്വദേശിയാണ്. കമ്മത്ത് & കമ്മത്ത്,വിശുദ്ധൻ, ഇവൻ മര്യാദരാമൻ, ടേക്ക് ഓഫ്, ഒരു യമണ്ടൻ പ്രേമകഥ,നിഴൽ, കോൾഡ് കേസ്, മാലിക്, കാര്യസ്ഥൻ, മല്ലു സിംഗ്, മാളികപ്പുറം തുടങ്ങിയ ജനപ്രിയ സിനിമകൾ നിർമ്മിച്ചതും ആന്റോ ജോസഫ് ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നിവയിലൂടെ ആന്റോ ജോസഫ് ആണ്. 90 കളുടെ തുടക്കത്തിൽ പ്രൊഡക്ഷൻ അസോസിയേറ്റ് ആയി മലയാള ചലച്ചിത്ര മേഖലയിൽ കരിയർ ആരംഭിച്ച ആന്റോ ജോസഫ് 2007 ൽ മമ്മൂട്ടി നായകനായ ബിഗ് ബിയുടെ സഹനിർമ്മാതാവായിരുന്നു. പിന്നീട് അദ്ദേഹം ആന്റോ ജോസഫ് ഫിലിം കമ്പനി എന്ന പേരിൽ സ്വന്തം ചലച്ചിത്ര നിർമ്മാണ കമ്പനി ആരംഭിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 2018-ന്റെ നിര്‍മാണ പങ്കാളികളില്‍ ഒരാള്‍ കൂടിയാണ് ആന്റോ. കഴിഞ്ഞ ദിവസമാണ് എരുമേലി സ്വദേശി ആന്റോ ജോസഫിനെ തേടി നിർമ്മാതാവ് ആന്റോ ജോസഫ് എന്ന് തെറ്റിദ്ധരിച്ചു ചെന്നൈ ഇൻകം ടാക്സ് ഓഫീസിൽ നിന്നും എന്ന കോൾ ലഭിച്ചത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് അവരെ ഇംഗ്ലീഷിലും മലയാളത്തിലുമുൾപ്പടെ മറുപടി പറഞ്ഞു അത് താനല്ല എന്ന് മനസിലാക്കിച്ചെങ്കിലും പിന്നീട് വിളിക്കും എന്ന് പറഞ്ഞാണത്രെ അവർ ഫോൺ കട്ട് ചെയ്തത്. എന്തായാലും ദിവസേനയെത്തുന്ന ഫോൺ കോളുകൾക്ക് മറുപടി പറയാനായി മറ്റൊരാളെ ഏർപ്പെടുത്തണോ എന്ന ചിന്തയിലാണ് എരുമേലി സ്വദേശി ആന്റോ. നിർമ്മാതാവ് ആന്റോ ജോസഫിന്റെ ഓഫീസ് നമ്പരെങ്കിലും പ്രസിദ്ധപ്പെടുത്തി ഈ കോളുകൾക്കും മെസേജുകൾക്കും മറുപടി നൽകി കുഴങ്ങുന്നതിൽ നിന്നും തന്നെ രക്ഷിക്കണമേ എന്ന അഭ്യർത്ഥനയാണ് ആന്റോ ജോസഫ് സാറിനോട് ആന്റോയ്ക്ക് പറയാനുള്ളത്.