കോട്ടയം: മാലിന്യങ്ങൾ നീക്കി, തെരുവും വഴിയോരങ്ങളും പൊതു ഇടങ്ങളും മനോഹരമാക്കി മുഖം മിനുക്കാനൊരുങ്ങി മണർകാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ ‘മാലിന്യ മുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായ ‘മനോഹരം മണർകാട്’ പദ്ധതിയിലൂടെയാണ് ഗ്രാമപഞ്ചായത്തിനെ ശുചിത്വപൂർണമാക്കുകയും സൗന്ദര്യവത്ക്കരിക്കുകയും ചെയ്യുന്നത്. ആദ്യപടിയായി ഗ്രാമ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ മാലിന്യ കൂമ്പാരങ്ങൾ ശുചിയാക്കുന്ന പ്രവർത്തനം കഴിഞ്ഞമാസം അവസാനത്തോടെ ആരംഭിച്ചു. പദ്ധതിയുട നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, എസ്.പി.സി., എൻ.സി.സി. വൊളണ്ടിയർമാർ, ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, റെസിഡന്റ് അസോസിയേഷനുകൾ, ചുമട്ട് തൊഴിലാളികൾ, ഓട്ടോ – ടാക്സി ഡ്രൈവർമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ എന്നിവരുടെ യോഗം രണ്ടു ഘട്ടമായി നടത്തി. തുടർന്നു നടത്തിയ മാസ് ക്ലീനിംഗ് ഡ്രൈവിൽ നാനൂറിലേറെ പേർ പങ്കാളികളായി. മണർകാട് കവല ശുചീകരിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യുകയും മണർകാട് കവലയിൽ ബോട്ടിൽ ബൂത്ത് സ്ഥാപിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ വാർഡുകൾ തോറും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വൃത്തിയാക്കിയ ഇടങ്ങൾ വീണ്ടും വൃത്തികേടാവാതിരിക്കാനായി ചുമർചിത്രങ്ങൾ വരച്ചും ചെടികൾ നട്ടും മനോഹരമാക്കാനാണ് മൂന്നാം ഘട്ടമായി ഉദ്ദേശിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു പറഞ്ഞു. ഇതിനായി ഗ്രാമപഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ചിത്രകാരന്മാരുടെ സഹായം തേടിയിട്ടുണ്ട്. ചെടികൾ വച്ച് അലങ്കരിക്കാനായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും സമീപിച്ചിട്ടുണ്ട്. നിലവിൽ മണർകാട് കവലയിൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെടികൾ വച്ച് മനോഹരമാക്കിയിട്ടുണ്ട്. ഓരോ സംഘടനകളും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ തുടർ പരിപാലനവും അവർ തന്നെ നിർവഹിക്കും. ഇവിടങ്ങളിൽ തങ്ങളുടെ സ്ഥാപനത്തിന്റേയോ സംഘടനയുടേയോ പരസ്യവും പതിക്കാം. രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് നിലവിൽ മാറ്റിവച്ചിരിക്കുന്നത്. മണർകാട് ഗ്രാമപഞ്ചായത്തംഗം ജാക്സൺ മാത്യുവാണ് ‘മനോഹരം മണർകാട്’ പദ്ധതി കോ-ഓർഡിനേറ്റർ.