കോട്ടയം: മനസ്സ് ലയിച്ചു പോകുന്ന പാട്ടും താളവും കേട്ടാൽ ആരുടെ മനസ്സിലും ആ പാട്ടിനൊപ്പം പാടാനും താളത്തിനൊപ്പം രണ്ടു ചുവടു വെക്കാനുമൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. സംസ്ഥാനത്ത് ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭിന്നശേഷി ഗാനമേള ട്രൂപ്പായ 'മാജിക് വോയ്‌സ്'ന്റെ ഉത്‌ഘാടനത്തിനു കോട്ടയം എലിക്കുളത്ത് എത്തിയതായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു.
പാട്ടിൽ ലയിച്ചു പോയ മന്ത്രി പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി കന്യാസ്ത്രീകൾക്കൊപ്പം കൂടിയതോടെ എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ഗാനമേള ട്രൂപ്പിന് ആവേശോജ്വലമായ തുടക്കമായി. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും കന്യാസ്ത്രീകൾക്കും ജനപ്രതിനിധികൾക്കുമൊപ്പമാണ് മന്ത്രി നൃത്തചുവടുകള്‍ വച്ചത്.
മന്ത്രിയും ഒപ്പം കൂടിയതോടെ ആവേശത്തിലായിരുന്നു എല്ലാവരും. ഇളങ്ങുളം തിരുഹൃദയഭവന്‍, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങിയ അനാഥമന്ദിരങ്ങളിലെ അന്തേവാസികളും കന്യാസ്ത്രീകളുമാണ് മന്ത്രിയ്‌ക്കെപ്പം നൃത്തം ചെയ്തത്.
ശാരീരിക പരിമിതികള്‍ മൂലം വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയവര്‍ക്കായാണ് ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഗാനമേള ട്രൂപ്പ് ആരംഭിച്ചിരിക്കുന്നത്. 'പാലാ പള്ളി തിരുപ്പള്ളി' എന്ന ഗാനത്തിനാണ് മന്ത്രി ചുവടുവച്ചത്.