കോട്ടയം: അമൽ ജ്യോതി കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം കടുത്തതോടെ ബുധനാഴ്ച വിദ്യാർത്ഥികളും മാനേജുമെന്റുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ ബുധനാഴ്ച ചർച്ച നടത്തും. കഴിഞ്ഞ രണ്ടു ദിവസമായി വിദ്യാർത്ഥി പ്രതിഷേധം കടുത്തതോടെയാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മാനേജ്‌മെന്റും വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. സഹപാഠിയുടെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ അന്വേഷണം നടത്തി ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. സംഭവത്തിൽ യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയും കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയുമായ ശ്രദ്ധ സതീഷിനെ(20) യാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സഹപാഠികൾ ഉൾപ്പടെ വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളും കോളേജ് മാനേജ്‌മെന്റിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.