കിടങ്ങൂർ: കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിക്കുന്ന ഒ.പി. ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി. 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ് പുതിയ കെട്ടിടം. ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലാണ് കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം. സംസ്ഥാന സർക്കാർ എൻ.എച്ച്.എം. പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 2.37 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. നിലവിലുള്ള കെട്ടിടത്തിനടുത്ത് തന്നെയാണ് പുതിയ ഒ.പി. ബ്ലോക്കും. ഫാർമസി, സ്റ്റോർ, ലാബ്, ഡോക്ടർമാർക്കായുള്ള നാല് പരിശോധനാ മുറികൾ, നഴ്സിംഗ് സ്റ്റേഷൻ, നീരീക്ഷണ മുറി, ശുചിമുറി, കാത്തിരിപ്പ് കേന്ദ്രം എന്നിവയാണ് പുതിയ ഒ.പി. കെട്ടിടത്തിലുള്ളത്. ഈ മാസം ഉദ്ഘാടനം നടത്തി കെട്ടിടം തുറന്ന് നൽകും.