കോട്ടയം: കോട്ടയം നാഗമ്പടത്തെ പാസ്പോർട്ട് സേവാ കേന്ദ്രം പൂട്ടിയിട്ട് ഇപ്പോൾ 4 മാസം. ഉടൻ തന്നെ തുറന്നു പ്രവർത്തിക്കുമെന്നായിരുന്നു ഓഫീസ് പ്രവർത്തനം താത്ക്കാലികമായി നിർത്തിയപ്പോൾ അധികൃതർ പറഞ്ഞിരുന്നത്. അതുവരെ ബദൽ സംവിധാനമെന്ന നിലയ്ക്കാണ് ആലപ്പുഴയിലെയും എറണാകുളത്തെയും ഓഫീസുകളെ സമീപിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ കോട്ടയത്തെ ഓഫീസ് പ്രവർത്തനം നിലച്ചിട്ട് 4 മാസമായിട്ടും നടപടികൾ ഒന്നും ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഇതോടെ പാസ്പോർട്ട് സേവന ആവശ്യങ്ങൾക്കായി സമീപ ജില്ലകളായ എറണാകുളത്തെയും ആലപ്പുഴയിലെയും ഓഫീസുകളെ ആശ്രയിക്കുകയാണ് ഇപ്പോൾ ജനം. കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരി 16 നാണു ഓഫീസ് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചത്. കെട്ടിട ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ ബലപരിശോധനയും നടത്തിയിരുന്നു. സേവനം മാറ്റി ആരംഭിക്കുന്നതിനുള്ള നാലോളം കെട്ടിടങ്ങളുടെ ലിസ്റ്റും അധികൃതർ ശേഖരിച്ചെങ്കിലും ഇതുവരെയുമായി നടപടികൾ സ്വീകരിച്ചിട്ടില്ല.