ഈരാറ്റുപേട്ട: പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഈരാറ്റുപേട്ട തീക്കോയി മംഗളഗിരി മാർമല അരുവിയിൽ കുടുങ്ങിയ വൈക്കം സ്വദേശികളായ 5 അംഗ സംഘത്തെ രക്ഷപ്പെടുത്തി. ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ പോലീസ്, അഗ്നിരക്ഷാ സേന, നന്മക്കൂട്ടം പ്രവർത്തകർ, ടീം എമെർജെൻസി പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് വൈക്കം സ്വദേശികളെ രക്ഷപ്പെടുത്തിയത്. അരുവിക്ക് കുറുകെ രക്ഷാപ്രവർത്തകർ വടം കെട്ടിയുറപ്പിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. വൈക്കത്ത് നിന്നും മാർമല അരുവി കാണാൻ എത്തിയ സംഘമാണ് കുടുങ്ങിയത്. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അരുവിയിലെ ജലനിരപ്പ് അപകടകരമാം വിധം വർദ്ധിക്കുകയായിരുന്നു. ഇതേതുടർന്ന് 5 അംഗ സംഘം അരുവിയുടെ താഴെ നടുവിലായി പാറമുകളിൽ നിലയുറപ്പിക്കുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്താൻ സാധിച്ചത്.