കാഞ്ഞിരപ്പള്ളി: ഒൻപത് വർഷങ്ങൾക്ക് മുൻപ് കാഞ്ഞിരപ്പള്ളിയിൽ ആരംഭിച്ച വാർധക്യത്തിലെത്തിയവരുടെ കേരളത്തിലെ തന്നെ ആദ്യ പാട്ട് കൂട്ടായ്മയായ സന്ധ്യാ രാഗം കൂട്ടായ്മ ഇന്ന് ഏറെ പ്രശസ്തിയാർജ്ജിച്ചു കഴിഞ്ഞു. വാർദ്ധക്യത്തിലെ ഒറ്റപ്പെടലിലല്ല മറിച്ച് സായാഹ്നങ്ങൾ പാട്ടിൽ മുഴുകിയും പാട്ടു പാടിയും ആഘോഷമാക്കുകയാണ് ഇവർ.
55 വയസ്സ് മുതൽ 87 വയസ്സ് വരെയുള്ളവരുടെ സജീവ കൂട്ടായ്മയാണ് സന്ധ്യാ രാഗം കൂട്ടായ്മ. 40 ലധികം മുതിർന്ന പൗരന്മാർ ഈ കൂട്ടായ്മയുടെ സജീവ സാന്നിധ്യമാണ്. നൂറിലധികം വേദികളിൽ ഇതിനോടകം തന്നെ ഈ കൂട്ടായ്മ ഗാനമേള അവതരിപ്പിച്ചു കഴിഞ്ഞു. സംഗീതവും ചർച്ചയുമെല്ലാമായി എല്ലാ മാസവും രണ്ടാം ഞായറും നാലാം ഞായറും ഇവർ ഒരുമിച്ചു കൂടും.
ബാബു പൂതക്കുഴിയാണ് കൂട്ടായ്മയുടെ ഡയറക്ടർ. ഫാ.ബോബി മംഗലത്ത് കരോട്ട്, ജോബ് കുരുവിള കരിക്കാട്ടുപറമ്പിൽ, പ്രൊഫ.ഡെന്നിസ് മൈക്കിൾ പള്ളിപ്പുറത്തശ്ശേരി, പത്മകുമാരി ചിറക്കടവ്, എം എ നസ്രുദീൻ മഠത്തിൽ, സിബി മൈക്കിൾ പഴയിടം എന്നിവരാണ് നേതൃത്വം നൽകുന്നത്.