കോട്ടയം ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തം: മുക്കൂട്ടുതറയിലും എരുമേലിയിൽ രണ്ടാം ദിനവും പരിശോധന നടത്തി, 12 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി


എരുമേലി: അമിതവിലയും പൂഴ്ത്തിവയ്പും തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരിയുടെ നേതൃത്വത്തിൽ സംയുക്ത സ്‌ക്വാഡ് കോട്ടയം ജില്ലയിലുടനീളം നടത്തുന്ന പരിശോധനയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി താലൂക്കിൽ മുക്കൂട്ടുതറയിലും എരുമേലിയിലും പരിശോധന നടത്തി. എരുമേലിയിൽ തുടർച്ചയായ രണ്ടാം ദിനമാണ് സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തുന്നത്.

മുക്കൂട്ടുതറ-എരുമേലി മേഖലകളിലായി 41 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ  12 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇരുസ്ഥലങ്ങളിലെയും പലചരക്ക്, പച്ചക്കറി, മാത്‍സ്യ-മാംസ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വ്യാപക ക്രമക്കേട് കണ്ടെത്തിയ 3 സ്ഥാപനങ്ങളിൽ നിന്നായി 14000 രൂപ പിഴ ചുമത്തി. 3 പച്ചക്കറി കടകളിൽ നിന്നും 1 പലചരക്ക് കടയിൽ നിന്നുമാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പോലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തുന്നത്.

താലൂക്ക് സപ്ലൈ ഓഫീസർ ജയൻ.ആർ. നായർ, ഡെപ്യുട്ടി തഹസീൽദാർ മാത്യൂസ് വി. യു, പൊൻകുന്നം എസ് ഐ എം. ഡി അഭിലാഷ്, ലീഗൽ മെട്രോളജി ഓഫീസർ അനു ഗോപിനാഥ്, ഫുഡ് സേഫ്റ്റി ഓഫീസർ സന്തോഷ്‌ കുമാർ ജി. എസ്, എക്സ്റ്റെൻഷൻ ഓഫീസർ വി. എം ഷാജി, ലീഗൽ മെട്രോളജി ഇൻസ്‌പെക്ഷനിങ് അസിസ്റ്റന്റ് മനോജ്‌ വി. സി,റേഷനിങ് ഇൻസ്പെക്ടർമാരായ സജീവ് കുമാർ പി. വി, സയർ ടി, ഷൈജു എസ്. ആർ, സിവിൽ പോലീസ് ഓഫീസർ അശോക് കൃഷ്ണൻ,റവന്യു വകുപ്പ് ഉദ്യോഗസ്ഥരായ വിഷ്ണു പി. വി,ഷാരോൺ പി ജോൺ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.