കോട്ടയം സംക്രാന്തിയിൽ പച്ചക്കറി ലോറിയിലെ കയർ കാലിൽ കുടുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം.


കോട്ടയം: കോട്ടയം സംക്രാന്തിയിൽ പച്ചക്കറി ലോറിയിലെ കയർ കാലിൽ കുടുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം. സംക്രാന്തി സ്വദേശിയായ മുരളി (50)യാണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെ കോട്ടയം സംക്രാന്തിയിൽ നീലിമംഗലത്തിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂരിൽ നിന്നും കോട്ടയത്ത് വരികയായിരുന്ന പച്ചക്കറി ലോറിയിലെ കയർ മുരളിയുടെ കാലിൽ കുടുങ്ങുകയായിരുന്നു. ഇതിനു പിന്നാലെ മുരളിയെ റോഡിലൂടെ നൂറു മീറ്ററിലേറെ ദൂരം ലോറി വലിച്ചു കൊണ്ടു പോവുകയായിരുന്നു.

ഇതേത്തുടർന്ന് മുരളിയുടെ ഒരുകാൽ അറ്റ നിലയിലായിരുന്നു. സംഭവത്തിൽ ലോറിയും ഡ്രൈവറേയും ഗാന്തിനഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈക്ളീൻ സ്ഥാപനത്തിലെ ജീവനക്കാരനായ മുരളി രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. അതേസമയം കയർ കുരുങ്ങി ദമ്പതിമാർക്കും പരുക്കേറ്റു. പെരുമ്പായിക്കാട് സ്വദേശികൾക്കാണ് പരുക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ മുരളിയുടെ ശരീരവും കാലും രണ്ട് ഇടങ്ങളിലായാണ് കണ്ടെത്തിയത്. വാഹനത്തിലെ പച്ചക്കറി റോഡിൽ വീണപ്പോഴാണ് ലോറി ‍ഡ്രൈവറും സഹായിയും അപകടമറിയുന്നത്.