കോട്ടയം: കരള്‍ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിക്കപ്പെട്ട എട്ടു മാസം പ്രായമുള്ള കുട്ടിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പെരിന്തൽമണ്ണ വളപുരം കരിമ്പാടത്ത് ജയേഷിനെ (53) ആണ് റെയില്‍വേ ട്രാക്കില്‍ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയത്ത് ചിങ്ങവനം റെയില്‍വേ ട്രാക്കിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശികളായ ജയേഷ്–സുനിത ദമ്പതികളുടെ മകനായ എട്ട് മാസം പ്രായമുള്ള സായൂജ് കൃഷ്ണയെയാണ് കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അമ്മ സുനിതയുടെ കരളാണ് മകള്‍ക്ക് നല്‍കുന്നത്. 28ന് ആണു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. കുട്ടിയുടെ അസുഖത്തെ തുടർന്ന് പിതാവ് മനോവിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ചയാണ് ജയേഷിനെ കാണാതായത്. കുട്ടിയുടെ ശസ്ത്രക്രിയയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയിരുന്നു. സായ് കൃഷ്‌ണ, സജയ് കൃഷ്‌ണ എന്നിവരാണ് മറ്റു മക്കൾ.