കോട്ടയം: പതിവ് തെറ്റിക്കാതെ ഇത്തവണയും നമ്മുടെ കോട്ടയത്തിന്റെ സ്വന്തം ആമ്പൽ വസന്തം വിരുന്നെത്തി. മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ മലരിക്കലും അമ്പാട്ടുകടവിലും ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ ആമ്പൽപ്പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്ന കോട്ടയത്തിന്റെ പിങ്ക് വസന്തം ആരംഭിക്കുകയാണ്.
കോട്ടയത്തിന്റെ പിങ്ക് ഫെസ്റ്റിവലായ ആമ്പൽ വസന്തം അടുത്തയാഴ്ച്ച മുതൽ കൂടുതൽ ദൃശ്യ ഭംഗിയോടെ കണ്ടാസ്വദിക്കാം. കൂടുതലായി പൂക്കൾ വരും ദിവസങ്ങളിൽ വിടർന്നു വരും. 2019 ൽ ഒരു വലിയ ആഘോഷം തന്നെയായിരുന്നു നമ്മുടെ ഈ ആമ്പൽ വസന്തം. ആമ്പൽ ഫെസ്റ്റ് ഉൾപ്പടെ നിരവധി പരിപാടികൾ ഇതിനോടനുബന്ധിച്ച് നടത്തിയിരുന്നു.
പിന്നീട് കോവിഡ് കാലത്ത് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ വർഷം വീണ്ടും സന്ദർശകർക്ക് അനുമതി നൽകിയിരുന്നു. കോട്ടയം കുമരകം റൂട്ടിൽ മലരിക്കലും പനച്ചിക്കാട് അമ്പാട്ടുകടവിലുമാണ് പൂത്തുലഞ്ഞു നിൽക്കുന്ന കോട്ടയത്തിന്റെ പിങ്ക് ഫെസ്റ്റിവലായ ആമ്പൽ വസന്തം കൂടുതലായി കാണാനാകുക. ഇതോടൊപ്പം അയ്മനം പൂത്തൂക്കരി പാടശേഖരത്തും കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലും ജില്ലയുടെ സമീപ മേഖലകളിലും പാടശേഖരങ്ങളിൽ ആമ്പൽപ്പൂക്കൾ വിസ്മയമൊരുക്കാറുണ്ട്.
12 വര്ഷത്തിലൊരിക്കലാണ് മൂന്നാറിന് നീല വസന്തം സമ്മാനിച്ചു നീലക്കുറിഞ്ഞികൾ പൂക്കുന്നതെങ്കിൽ കോട്ടയത്തിനു എല്ലാ വർഷവും പിങ്ക് വസന്തം സമ്മാനിച്ചു പൂത്തുലഞ്ഞു നിൽക്കുകയാണ് മലരിക്കലിലും അമ്പാട്ടുകടവിലും ആമ്പൽ വസന്തം. രാവിലെ 6 മണി മുതൽ 10 മണി വരെയാണ് ദൃശ്യ വിസ്മയം കണ്ടാസ്വദിക്കാനാകുക. സഞ്ചാരികൾക്ക് ആമ്പൽ പാടത്തിലൂടെ വള്ളത്തിൽ യാത്രയ്ക്ക് അവസരമൊരുക്കുന്നുണ്ട്. മലരിക്കലിലെ ആമ്പൽ വിസ്മയം ടൂറിസം ഭൂപടത്തിൽ ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. സമീപ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നുമുൾപ്പടെ സഞ്ചാരികൾ ഈ വിസ്മയ കാഴ്ചകൾ കാണാനായി എത്തിയിരുന്നു. 2018 മുതൽ ആണ് ആമ്പൽ വിസ്മയം ഇത്രത്തോളം പ്രസിദ്ധമായി മാറിയത്.
മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കണ്ടറിഞ്ഞവർ മലരിക്കലിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ആമ്പൽ വിസ്മയം കാണാനെത്തിയ എല്ലാവരിലും വിസ്മയകരമായ നയനാന്ദകര കാഴ്ചകൾ സമ്മാനിച്ചാണ് സഞ്ചാരികളെ മലരിക്കൽ യാത്രയാക്കിയത്. ഒഴിവു ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് സന്ദർശകരുടെ തിരക്ക് കൂടുതലായി അനുഭവപ്പെടുന്നത്. ഓഗസ്റ്റ് ആദ്യവാരം മുതൽ ഒക്റ്റോബർ വരെ മലരിക്കൽ മേഖലയ്ക്ക് ഉത്സവമാണ് ഈ ആമ്പൽ വസന്തം. സെലിബ്രിറ്റികളുടേതടക്കം നിരവധി ഫോട്ടോഷൂട്ടുകൾക്കും വെഡിങ് ഷൂട്ടുകൾക്കും ആമ്പൽ വിസ്മയം വേദിയാകുന്നുണ്ട്.
ചിത്രം: സോഷ്യൽ മീഡിയ.