കോട്ടയം: കഴിഞ്ഞ 2 ദിവസമായി തുടരുന്ന ശക്തമായ മഴയുടെ തീവ്രത കോട്ടയം ജില്ലയിൽ കൂടി വരികയാണ്. ഞായറാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയാണ് ഇപ്പോഴും തുടരുന്നത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം മഴക്ക് ശമനമുണ്ടായെങ്കിലും രാത്രിയോടെ വീണ്ടും മഴ ശക്തിപ്രാപിക്കുകയായിരുന്നു.
ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയരുകയാണ്. നടികളുടെ തീരപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ മീനച്ചിലാറും മണിമലയാറും കരകവിയാനൊരുങ്ങുകയാണ്. എരുമേലിയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ പാമ്പായാറിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ മൂക്കാപെട്ടി പാലം വെള്ളത്തിലായി.
കണമല ചെറിയ പാലവും മണിമല ചെറിയ പാലവും വെള്ളത്തിനടിയിലായി. കുറുമ്പൻമൂഴി കോസ് വെയിൽ വെള്ളം കയറിയതോടെ മേഖലയിലുള്ളവർ ഒറ്റപ്പെട്ടു. എരുമേലി കൊച്ചു തൊട്ടിലും ജലനിരപ്പ് ഉയരുകയാണ്. മണിമലയാറിൽ മുണ്ടക്കയം, മണിമല മേഖലകളിൽ ജലനിരപ്പ് ഉയരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ പടിഞ്ഞാറൻ മേഖലകളും താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ ആണ്.